ഉന്നത പഠനത്തിന് വഴിയില്ലാതെ പരിമിതികള്‍ക്കിടയിലും പഠിച്ചുയര്‍ന്ന മഹേഷ്മ
ചിറ്റൂര്‍: പരിമിതികള്‍ക്കകത്തു നിന്ന് പഠിച്ചുയര്‍ന്ന മഹേഷ്മക്ക് ഉന്നത പഠനത്തിന് വഴിയില്ലാതെ പ്രയാസത്തില്‍. എലപ്പുള്ളി പഞ്ചായത്തില്‍ പൊല്‍പ്പുള്ളി എരുമിക്കലോട് തുമ്പിപള്ളത്തിലെ മനോഹരന്‍ ശാന്ത ദമ്പതികളുടെ മൂത്ത മകള്‍ മഹേഷ്മയാണ് പ്ലസ്ടു പരീക്ഷയില്‍ പൂര്‍ണ എപ്ലസ് നേടിയത്. ചിറ്റൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോമേഴ്‌സില്‍ 98 ശതമാനം മാര്‍ക്കിലാണ് മഹേഷ്മ വിജയിച്ചത്.
സി.എ പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും റേഷന്‍ കാര്‍ഡ് പോലും ഇല്ലാതെ സാമ്പത്തികം കുറവായ തന്റെ മകളെ ആര് സംരക്ഷിക്കുമെന്നറിയാതെ പ്രതിസന്ധിയിരിക്കുകയാണ് മഹിഷ് മയുടെ കുടുംബം. ഓലകൊണ്ട് നിര്‍മിച്ച തറവാട് വീട് തകര്‍ന്നതു മുതല്‍ ഏഴ് വര്‍ഷമായി ഒറ്റമുറി ഒലക്കുടിലിലാണ് രണ്ട് പെണ്‍മക്കളുമായി മനോഹരന്‍ ശാന്ത ദമ്പതികള്‍ ജീവിച്ചുവരുന്നത്. തകര്‍ന്ന ഓലഷെഡിന്റ അറ്റകുറ്റപണികള്‍ വായ്പ വാങ്ങിയാണ് നടത്തുന്നതെന്നും റേഷന്‍ കാര്‍ഡിനു വേണ്ടി നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങിയും പുതിയ കാര്‍ഡ് അനുവദിക്കുവാന്‍ നടപടിയുണ്ടായിട്ടില്ലെന്ന് മഹിഷ്മയുടെ അമ്മ ശാന്ത പറയുന്നു. റേഷന്‍ കാര്‍ഡിലാത്തതിനാല്‍ ഉയര്‍ന്ന വിലക്ക് പണം നല്‍കി അരിവാങ്ങേണ്ട അവസ്ഥയാണുള്ളത്.
അച്ഛന്‍ മനോഹരന്‍ മങ്കരയില്‍ തുന്നല്‍ ജോലി ചെയ്തുവരികയാണ്. മൂത്ത മകളുടെ വിജയം സന്തോഷത്തിലാക്കുന്നുണ്ടെങ്കിലും മകള്‍ ആഗ്രഹിക്കുന്നതു പോലുള്ള തുടര്‍പഠനത്തിന് സൗകര്യം ഒരുക്കാന്‍ സാധിക്കാത്തത് സാധാരണ തൊഴിലാളിയായ തന്നെ വേദനിപ്പിക്കുന്നതായി മനോഹരന്‍ പറയുന്നു. നിരവധി ഭവനപദ്ധതികള്‍ ഉണ്ടായിട്ടും ഇവരെ പഞ്ചായത്ത് പരിഗണിച്ചിട്ടില്ല. മനോഹരന്റ കുടുംബത്തിന് കക്കൂസ് പോലും അനുവദിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഹിഷ്മക്ക് തുടര്‍ പഠനത്തിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."