ആഡംബര കാറുകളിലെ സ്പീഡോമീറ്ററുകളില്‍ അട്ടിമറി നടത്തുന്നു
കാക്കനാട്: ആഡംബര കാറുകളുടെ സ്പീഡോ മീറ്റര്‍ അഴിച്ചുവച്ച് ഉപഭോക്താക്കളെ പറ്റിക്കുന്ന നടപടി വ്യാപകമെന്നു കണ്ടെത്തല്‍. കാര്‍ ഡീലര്‍മാരാണ് വാഹനം ഉപയോഗിച്ച ശേഷം ഉപഭോക്താക്കളെ പറ്റിക്കുന്നത്. ഒരു വാഹനം കഴിഞ്ഞ ദിവസം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ഷഫീക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് പുതിയ വാഹനങ്ങള്‍ വില്‍ക്കുന്നതിന്മുന്‍പ് ഡീലര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഒട്ടിച്ചാണ് വാഹനങ്ങളെടുത്ത് ഉപയോഗിക്കുന്നത്. സ്പീഡോ മീറ്റര്‍ അഴിച്ചുവയ്ക്കും. ഈ വാഹനം'ഡെമോ'ഉപയോഗിക്കാന്‍ നിയമമുണ്ട്. മോട്ടോര്‍ വാഹനവകുപ്പ് അനുമതി കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണു ഡീലര്‍മാര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് തയാറാക്കി വാഹനത്തില്‍ പതിക്കുന്നത്.
വാഹനം ഓടിച്ചു കാണിക്കുന്നതിനും ഉപഭോക്താവിന് സ്വയം ഓടിച്ചു നോക്കാനുമാണ് ഡെമോ കാറുകള്‍ ഉപയോഗിക്കുന്നത്. ഇവ വീണ്ടും ഡെമോയായി ഉപയോഗിക്കണമെന്നാണ് നിയമമുള്ളത്. എന്നാല്‍ പുതിയ കാറുകള്‍ ഭൂരിഭാഗവും ഡീലര്‍മാര്‍ ഉപയോഗിച്ചാണ് വില്‍ക്കുന്നത്. കാറുകളില്‍ പലതും കുറെ കിലോമീറ്ററുകള്‍ ഉപയോഗിച്ച ശേഷമായിരിക്കും ലഭിക്കുക.
വില്‍പന നടത്തുന്ന സമയത്ത് സ്പീഡോ മീറ്റര്‍ സീറോയാക്കി വാങ്ങുന്നയാള്‍ക്ക് നല്‍കും. മുന്‍പ് ഉപയോഗിച്ചതാണെന്നറിയില്ല.
ഓഡി, ബി.എം.ഡബ്ലിയു, ബെന്‍സ്, തുടങ്ങിയ ആഡംബര കാറുകളാണ് ദുരുപയോഗം ചെയ്യുന്നതെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്നു. പുതിയ വാഹനങ്ങള്‍ കുറച്ച് കിലോ മീറ്റര്‍ ഉപയോഗിച്ചശേഷം'ഫ്രഷ്'എന്ന വ്യാജേന വില്‍ക്കുന്നത് വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഷോറുമുകളിലും ട്രേഡ് സര്‍ട്ടിഫിക്കറ്റ് സ്ഥാപിച്ചു നിരത്തിലോടുന്ന കാറുകളും കര്‍ശനമായി പരിശോധിക്കാന്‍ ആര്‍.ടി.ഒ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പടമുകളില്‍ പിടിച്ചെടുത്ത വാഹനം ഡീലറുടെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ്. രേഖാമൂലമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാഹനത്തിന് രണ്ടുതരത്തില്‍ നികുതി അടയ്ക്കാനും ഉടമ ആ വാഹനം ഇനി വില്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."