റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മാണം: തോമസ്ചാണ്ടിയ്ക്കെതിരെ വീണ്ടും അന്വേഷണം
കോട്ടയം: ലേക്ക് പാലസ് റിസോര്‍ട്ടിലെക്ക് അനധികൃതമായി റോഡ് നിര്‍മിച്ച കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ വീണ്ടും അന്വേഷണം. മുന്‍ കളക്ടര്‍ പത്മകുമാര്‍ ഒന്നാം പ്രതിയായും തോമസ് ചാണ്ടി മൂന്നാംപ്രതിയുമായി നല്കിയ പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. നേരത്തെ കേസ് പരിഗണിച്ച കോടതി തോമസ് ചാണ്ടിയ്ക്കെതിരായ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
വലിയകുളം മുതല്‍ സീറോ ജെട്ടി വരെ ഒരു കിലോമീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലും രണ്ടര ഏക്കറോളം നിലംനികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്നാണ് പരാതി. രാജ്യസഭാ എം.പിമാരായിരുന്ന കാലയളവില്‍ പി.ജെ.കുര്യന്, കെ.ഇ.ഇസ്മയില്‍ എന്നിവരുടെ ഫണ്ടുപയോഗിച്ചും തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുമാണ് റോഡ് നിര്‍മിച്ചത്. പൊതുആവശ്യത്തിന് പാടംനികത്തുമ്പോള്‍ പ്രാദേശികവികസന സമിതിയുടെ അനുവാദം വാങ്ങണം. എന്നാല്‍, റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഇത് പാലിച്ചിട്ടില്ല. റിസോര്‍ട്ടിന് വേണ്ടി 30 ലക്ഷം രൂപ മുടക്കി നിലംനികത്തുകയും 35 ലക്ഷം രൂപ മുടക്കി ടാര്‍ ചെയ്യുകയും ചെയ്തു, നിയമസഭാംഗമെന്ന നിലയിലുള്ള സ്വാധീനം ഇതിനായി തോമസ്ചാണ്ടി ഉപയോഗിച്ചു തുടങ്ങിയവയാണ് ആരോപണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."