HOME
DETAILS

വെളിച്ചം തേടുന്ന മൂന്നു നക്ഷത്രങ്ങള്‍

  
backup
June 26 2016 | 07:06 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

ഫോട്ടോ: ശശി ഫോട്ടോലാന്‍ഡ്‌

നിമ്‌നോന്നതികളുടെ പുഴയൊഴുക്കുപോലെ സ്വഛന്ദസുന്ദരമായി ഒഴുകുന്നതിനിടയിലാണ് മലപ്പുറം എടവണ്ണപ്പാറയിലെ വ്യാപാരി മുസ്തഫയുടെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ താളം തെറ്റുന്നത്. ടൗണില്‍ രണ്ട് പതിറ്റാണ്ടോളമായി 'സമാന്‍ സ്‌റ്റോറി'ലൂടെയും അല്ലാതെയും അടിക്കടി അഭിവൃദ്ധിപ്പെട്ട് വരികയാരിരുന്നു മുസ്തഫയുടെ സാമ്പത്തിക സാമൂഹിക മണ്ഡലങ്ങള്‍. കൃത്യനിഷഠത, സമര്‍പ്പണ ബോധം, സത്യസന്ധത തുടങ്ങിയ കുലീന ഗുണങ്ങള്‍ അദ്ദേഹത്തെ എളുപ്പത്തില്‍ ജനപ്രിയനാക്കി. ജീവിതവിഭവങ്ങളുടെ ധാരാളിത്തം അദ്ദേഹത്തിന്റെയും സ്‌നേഹപാതി ചേലേമ്പ്രക്കാരി ആസിയയുടെയും ജീവിതത്തില്‍ വിരുന്നിനെത്തിയെങ്കിലും വിനയം വിട്ടൊരു നിലപാട് അവര്‍ക്കുണ്ടായിരുന്നില്ല. മുസ്തഫയുടെ അനുസ്യൂതമായ ഈ വളര്‍ച്ച കാരണം അല്ലറ ചില്ലറ അസൂയാലുക്കള്‍ അങ്ങിങ്ങായി ഉണ്ടായെന്നതൊഴിച്ചാല്‍, ആ കുടുംബരഥം സ്വപ്നത്തേരിലായിരുന്നു അക്കാലത്ത്. പക്ഷേ, നടുക്കടലില്‍ തകര്‍ന്നടിഞ്ഞ കപ്പലെന്നോ, വായുവിന്റെ വിരിമാറില്‍ ചിറകൊടിഞ്ഞ മോഹപക്ഷിയെന്നോ പറയാന്‍ പറ്റുംവിധം മുസ്തഫയും കുടുംബവും നിലംപതിച്ച് വീണത് പെടുന്നനെയായിരുന്നു. ജീവിതത്തില്‍ ദുരന്തങ്ങള്‍ ഒരിക്കലും ഒറ്റയ്ക്ക് വരാറില്ല. ഷേക്‌സ്പിയര്‍ പറഞ്ഞതു പോലെ അവകള്‍ പട്ടാളമായിട്ടേ വരാറുള്ളൂ-അത് മുസ്തഫയുടെ കാര്യത്തിലും ശരിയാവുകയായിരുന്നു.

2006ലായിരുന്നു അത്; അന്ന് മൂത്തമകന്‍ സുറൂര്‍ സമാന് മൂന്നു വയസായിരുന്നു. സൗഭാഗ്യ പുഷ്പം പോലെ പിറന്നുവന്ന അവന്റെ ജനനത്തിന്ന് ശേഷമാണ് മുസ്തഫയുടെ കച്ചവടത്തില്‍ അതിവേഗം പുരോഗതിയുണ്ടാകുന്നത്. വിധിവൈപരീത്യമെന്നോണം, ഒരു ദിവസം അയല്‍വാസിക്കുട്ടികള്‍ക്കൊപ്പം കളിച്ച് കൊണ്ടിരിക്കെയാണ് അവന്റെ കഴുത്തിന്റെ എല്ലില്‍ അസാധാരണമായ ഒരു വളവ് പ്രത്യക്ഷപ്പെട്ടത്. അവന്റെ ഉമ്മ ആസിയ തന്നെയാണ് ആദ്യം അത് കാണുന്നത്. അതൊരു തുടക്കമായിരുന്നു. അറ്റം തീരാത്ത വേദനകളുടെയും ആഴമറിയാത്ത സങ്കടയാത്രകളുടെയും തുടക്കം. കുടുംബത്തിന്റെ കുസുമക്കനിക്ക് വാട്ടം തട്ടിയതും ക്രമേണ തളര്‍ച്ച തുടങ്ങിയതും കുടുംബത്തെ ഒന്നടങ്കം തളര്‍ത്തി. ആശുപത്രിയിലെ ആദ്യ പരിശോധനാഫലങ്ങളില്‍ ആശങ്കകള്‍ക്കിടമൊന്നുമില്ലായിരുന്നുവെങ്കിലും രോഗലക്ഷണം മൂര്‍ഛിക്കുക തന്നെയായിരുന്നു.
ആറു മാസം ഇടവിട്ട് നടത്തിയ പരിശോധനകള്‍ വലിയ വലിയ പേരുകളിലേക്കും അതിനേക്കാളേറെ പണത്തിലേക്കും നീണ്ടു പോയി. സമാനിന്റെ കളിക്കുട്ടുകാര്‍ കുഞ്ഞുടുപ്പും നറുമണമുള്ള പുത്തന്‍ പുസ്തകകെട്ടുകളുമായി സ്‌കൂളിലേക്ക് പോയിത്തുടങ്ങിയ കാലമായിരുന്നു അവനും അവന്റെ കുടുംബത്തിനും ഏറെ അസഹനീയമായത്. ചാറിപ്പെയ്യുന്ന ഇളം മഴയത്ത് കൂട്ടുകാര്‍ സ്‌കൂളിലേക്ക് ഓടിച്ചാടി പോവുമ്പോള്‍, സമാനിന്റെ കൈയും പിടിച്ച് ചെരിഞ്ഞ് പെയ്ത മഴയില്‍ നനഞ്ഞ് കുതിര്‍ന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് വരാന്തയിലേക്ക് കെടാതെ കത്തുന്ന ഹൃദയത്തോടെ നടക്കേണ്ടി വരികയായിരുന്നു മുസ്തഫ എന്ന ബാപ്പാക്ക്.
സുറൂര്‍ സമാനിന്റെ നട്ടെല്ലിന് ബാധിച്ച വളവാണ് പ്രശ്‌ന കാരണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് മനസിലായത്. ബ്രെയ്‌സ് ചികിത്സയായിരുന്നു ആദ്യം. നട്ടെല്ല് നിവര്‍ത്താനുള്ള ഈ ചികിത്സ രണ്ടുവര്‍ഷം തുടര്‍ന്നെങ്കിലും കണ്ണീരിനും കയ്പുനീരിനും ഒട്ടും ശമനമായില്ല. വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റലിലേക്കായിരുന്നു അടുത്ത യാത്ര. ആരോഗ്യപരിചരണത്തിന്റെയും ആതുര സേവനത്തിന്റെയും അടിസ്ഥാനം മനുഷ്യസ്‌നേഹമല്ല, പണാധിഷ്ഠിതമായ കേവല വ്യാവസായിക താല്‍പര്യമാണെന്ന് നേരിട്ട് ബോധ്യപ്പെട്ട നാളുകളായിരുന്നു പിന്നീട്. കെട്ടിവച്ച അട്ടിപ്പണമുണ്ടെങ്കില്‍ മാത്രം അതിനൂതന യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന അത്തരം മള്‍ട്ടിനാഷണല്‍ ഹോസ്പിറ്റലുകള്‍ക്ക് രോഗി ഒരു വില്‍പ്പനച്ചരക്ക് മാത്രമാണ്. വാടക പറഞ്ഞുറപ്പിക്കുന്ന സേവനങ്ങളില്‍ രോഗിയുടെ ആശ്രിതര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നു. നഴ്‌സുമാരുടെ പുഞ്ചിരിക്ക് പോലും ബില്ലില്‍ വിലയിടുന്ന ചോരച്ചൂരുയരുന്ന അത്തരം അറവുശാലകള്‍ കൊല്ലലും ചാവലും മരുന്ന് പരീക്ഷണങ്ങളും നടക്കുന്ന ഇടങ്ങള്‍ മാത്രമാണെന്ന് മനസിലാവുമ്പോഴേക്കും മുസ്തഫ തകര്‍ന്ന് പോയിരുന്നു. ഒരു കര്‍കിടക സന്ധ്യയില്‍ കോരിച്ചൊരിയുന്ന മഴയത്ത് മകനെയും കൂട്ടി ഇറങ്ങി തിരിച്ചു വന്നത് മുസ്തഫക്കിപ്പോഴും നല്ല ഓര്‍മയാണ്, പുറത്തെക്കാള്‍ ഇടിവെട്ടിപ്പെയ്യുന്ന കാറ്റും കോളുമായിരുന്നു അകത്തപ്പോള്‍.


സുറൂര്‍ സമാന്‍ അപ്പോഴേക്കും 'ട' പോലെ വളഞ്ഞ് പോയിരുന്നു. പിന്നീട് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടമായിരുന്നു. ആളുകളുടെ വ്യത്യസ്ത അഭിപ്രായമനുസരിച്ച് ഭേദപ്പെട്ട ചികിത്സക്കായി തലങ്ങും വിലങ്ങും സഞ്ചരിച്ചു. അലോപ്പതിയും ആയുര്‍വേദവും നാട്ടുവൈദ്യവും അതിനിടയില്‍ മാറി മാറി വന്നു. പക്ഷേ അതിനിടയില്‍ അഗ്നിപാതം പോലെ മറ്റൊന്നുമുണ്ടാവുകയായിരുന്നു. രണ്ടാമത്തെ മകനായ ഫാസില്‍ സമാനിനും ഇതേ അസുഖം ബാധിച്ച് ഒടിഞ്ഞു പോയി. ഒന്നുറക്കെ കരയാന്‍ പോലുമാകാതെ ആ കുടുംബം യാര്‍ഥ്യത്തിന് മുന്‍പില്‍ ഒന്നടങ്കം മരവിച്ച് പോയി. 2009ലായിരുന്നു അത്. മക്കള്‍ നിവര്‍ന്നുനില്‍ക്കുന്നത് സ്വപ്നം കണ്ടു കൊണ്ട് ആ ദമ്പതികള്‍ ഇല്ലാത്ത ഊര്‍ജ്ജം സംഭരിച്ച് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചു. കോയമ്പത്തൂരിലേക്കുള്ള മടക്കം മാത്രമായിരുന്നു ഏക പോംവഴി. അവിടെ വച്ച് തുടര്‍ച്ചയായ ചികിത്സക്ക് ശേഷം 2013 ഒക്ടോബറില്‍ മൂത്ത മകന് നട്ടെല്ലില്‍ ശസ്ത്രക്രിയ ചെയ്ത് (ചലൗൃീ ങമശെഹ ടരീഹശ്യമൃ ടശിറൃീാ) ഒരു മീറ്റര്‍ സ്‌ക്രൂ ഇട്ട് നേരെ നിര്‍ത്തി. പതിമൂന്നുകാരനായ അവന്റെ കഴുത്തിന്റെ ശസ്ത്രക്രിയ ഉടനെ നടത്തേണ്ടതുമുണ്ട്.
അവനെ ഡിസ്ചാര്‍ജ് ചെയ്ത ഉടനെ അവന്റെ ശമനത്തിനു വേണ്ടി കുടുംബ സമേതം ഒരു ഉംറ ആഗ്രഹിച്ചെങ്കിലും അത് നിര്‍വഹിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വിധി ദുരന്തങ്ങള്‍ക്കിടയില്‍ സാധ്യമാവാതെ പോയ ആ തീര്‍ഥയാത്ര നിറവേറാത്ത നിയ്യത്തായി ഇപ്പോഴും ബാക്കി കിടക്കുകയാണ്. ആരാധനാവേളയിലും ദൈവിക സവിധത്തിലേക്ക് കരങ്ങളുയര്‍ത്തി വിശ്വാസത്തിന്റെ ബലത്തില്‍ അഗ്നി പരീക്ഷണങ്ങളെ നേരിടാന്‍ ആ പിതൃഹൃദയം സജ്ജമാവുകയായിരുന്നു.
അപ്പോഴേക്കും ഇളയ മകന്‍ ഫാസില്‍ സമാനിന്റെ നില അതിദയനീയമായിപ്പോയിരുന്നു. ആദ്യത്തെ ഓപ്പറേഷന്റെ പേരില്‍വന്ന ഭാരിച്ച സാമ്പത്തിക ബാധ്യത ഒന്നുമാവാതെ കിടക്കുമ്പോഴാണ് പുതിയ വെല്ലുവിളിയും മുന്നില്‍ വന്നത്. ലക്ഷങ്ങള്‍ക്ക് താഴെ കണക്കില്ലാത്ത മാരക രോഗചികിത്സയുടെ വഴികള്‍ പലതായി തുറക്കപ്പെട്ടെങ്കിലും ഒന്നും പര്യാപ്തമായിരുന്നില്ല. മഹല്ല് ജമാഅത്തും ഉദാരമതികളും കഴിയും വിധം സഹായിക്കുകയും പിന്‍ബലമേകുകയും ചെയ്തിരുന്നു. അവരുടെ സഹായത്തോടെ രണ്ടാമത്തെ മകനെ ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ കോയമ്പത്തൂരിലെത്തിച്ചു. ഇടക്കാലത്തെ ചികിത്സകള്‍ വേറെയും നടന്നിരുന്നു.
പക്ഷേ, വൃണത്തില്‍ വീണ്ടും മുറിവേല്‍പ്പിച്ചുകൊണ്ട് ഓപ്പറേഷന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഡോക്ടര്‍മാര്‍ അക്കാര്യം സ്ഥിരീകരിച്ചു, അവന്റെ മസിലുകള്‍ കഴുത്തു വരെ വലിഞ്ഞു മുറുകിയിട്ടുണ്ടെന്നും അതിന് ഒരു വര്‍ഷത്തെ ഫിസിയോ തെറാപിക്ക് ശേഷമേ സ്‌പൈനല്‍കോഡ് ശസ്ത്രക്രിയ ഫലപ്രദമാവുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. ആ ചികിത്സ ഗംഗയിലില്ലാത്തതിനാല്‍ അവര്‍ ബാഗ്ലൂരിലെ റീകോപ്പ് ന്യൂറോ മെസില്‍ ലൊക്കേറ്റര്‍ സെന്ററിലേക്ക് മെഡിക്കല്‍ റിസല്‍ട്ടുമായി പറഞ്ഞയച്ചു. സര്‍ജറിക്കും ആറു മാസത്തെ ചികിത്സക്കും ശേഷം അതിന്റെ തൃശൂരിലുള്ള ബ്രാഞ്ചിലേക്ക് ഷിഫ്റ്റ് ചെയ്തു. ഒരു ദിവസം അക്കാലത്ത് പതിനായിരത്തിലധികം രൂപ മക്കളുടെ ചികിത്സക്കു വേണമെന്നായിരുന്നു സ്ഥിതി. ഒരു വര്‍ഷത്തിന് ശേഷം 2015 ഒക്ടോബറില്‍ ബാഗ്ലൂരില്‍ വച്ച് അവന്റെ മസിലിന് ഓപ്പറേഷന്‍ നടത്തി വീണ്ടും കോയമ്പത്തൂരിലേക്ക് മാറ്റി.
വിധി മുസ്തഫയെ വീണ്ടും വെറുതെ വിട്ടില്ല. ഇളയ സന്താനമായ കുഞ്ഞു മകള്‍ നഷ്‌വക്കും പിടിപെട്ടു അതേ രോഗം. മുതുകൊടിഞ്ഞു വളഞ്ഞ മക്കളോടൊപ്പം എരിയുന്ന രാവും പൊരിയുന്ന പകലുമായി ആ കുടുംബം മോചനത്തിന്റെ മറുകര തേടി കിടന്നു പിടഞ്ഞു. പകല്‍ മക്കളെ പരിപാലിച്ചും രാത്രി അവരുറങ്ങുമ്പോള്‍ അവരെ നോക്കി വാവിട്ടുകരഞ്ഞും കഴിഞ്ഞ മൂന്നു വര്‍ഷമായി താനും ഇവളും മനസറിഞ്ഞ് ഉറങ്ങിയിട്ടില്ലെന്ന് പറയുമ്പോള്‍ മുസ്തഫയുടെ വാക്കുകള്‍ മുറിഞ്ഞിരുന്നു. രോഗം മാറി ഞങ്ങള്‍ക്ക് ഓടിപ്പാടാനാവില്ലേയെന്ന മക്കളുടെ ഇടക്കിടെയുള്ള ചോദ്യങ്ങളല്ലാതെ ബാക്കി എല്ലാ വെല്ലുവിളികളെയും അതിജയിക്കാന്‍ ആ ദമ്പതികള്‍ പഠിച്ചു കഴിഞ്ഞു. ഇറങ്ങാത്ത വേരുകളും ഉറക്കാത്ത ചുവടുകളും നിവരാത്ത ശിരസുമായി മക്കളടുത്തുണ്ടാവുന്ന മാതാപിതാക്കളുടെ നൊമ്പരങ്ങള്‍ക്ക് ഭാഷയില്ല; ഭാവമേയുള്ളൂ.
ഈ വര്‍ഷം മാര്‍ച്ചില്‍ കോയമ്പത്തൂരില്‍ വച്ച് രണ്ടാമത്തെ മകന്റെ മസിലില്‍ ആണ് ശസ്ത്രക്രിയകള്‍ ചെയ്തത്. 24 ഓളം സ്‌ക്രൂളാണ് ആ നട്ടല്ലിനെ താങ്ങി നിര്‍ത്തുന്നത്. കുഞ്ഞുമോളുടെ ഇരു കാലുകളിലുമായി ആറോളം മസില്‍ ശസ്ത്രക്രിയകളും നടന്നു. ഇനി മൂവരുടെയും കഴുത്തിന്റെ ശസ്ത്രക്രിയയും വൈകാതെ ചെയ്യേണ്ടതുണ്ട്. തുടര്‍ച്ചയായ വിദഗ്ധ ചികിത്സയും കുറ്റമറ്റ പരിചരണവും ലഭ്യമായാല്‍ ഈ കുഞ്ഞു മാലാഖമാര്‍ ചിറകുവച്ച് പറക്കുമെന്നുതന്നെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇപ്പോള്‍ അധികവും കുടുംബ സമേതം തൃശ്ശൂര്‍ ഫിസിയോ തെറാപ്പി സെന്ററില്‍ കഴിയേണ്ടിവരുന്ന മുസ്തഫക്ക് ഉദിച്ച പകല്‍ അസ്തമിക്കും മുമ്പ് പതിനായിരങ്ങളാണ് ചെലവ് വരുന്നത്. മക്കളുടെ പേരിട്ട കടയും അനുബന്ധ വകകളും വാഹനങ്ങളും മക്കള്‍ക്കു വേണ്ടി എന്നോ വിറ്റു പോയിരുന്നു.
പാറിക്കളിക്കുന്ന മനസിനോടൊപ്പം വഴങ്ങിനടക്കാത്ത സ്‌കെയിലും സ്‌ക്രൂവും തുളച്ചുവച്ച ശരീരങ്ങളുമായി, 13ഉം 10ഉം ആറും വയസായ നക്ഷത്രക്കുരുന്നുകള്‍ വെളിച്ചം സ്വപ്നം കണ്ട് നാളുകളെണ്ണുകയാണ്. ഇറച്ചിക്കഷ്ണങ്ങളിലേക്ക് അരിച്ചിറങ്ങുന്ന വേദനകള്‍ മറക്കാന്‍ അവര്‍ക്ക് കൂട്ടുള്ളത് തങ്ങളുടെ മോഹങ്ങളിലേക്ക് കൈ പിടിച്ച് നടത്താന്‍ ഹൃദയാര്‍ദ്രരായ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയും തങ്ങളുടെ നിഴലിന് പോലും ഉറക്കമൊഴിച്ച് കാവലിരിക്കുന്ന ഉമ്മ ബാപ്പമാരുടെ പ്രാര്‍ഥനകളുമാണ്. മക്കളുടെ തണലില്‍ കുളിരാഗ്രഹിക്കുന്ന ജീവിത സന്ധ്യയിലേക്ക് ഈ പിതാവും മാതാവും പതിയെ നടക്കുമ്പോഴും സ്വന്തം മക്കള്‍ക്ക് നട്ടെല്ലില്‍ നിവര്‍ന്ന് നില്‍ക്കാനാവാത്തതു കണ്ട് നീറേണ്ടി വരികയാണ്, കൂടെ കുറേ കടങ്ങളും കടമകളും മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago