വോളിബോള്‍ ടൂര്‍ണമെന്റ് മുടങ്ങിയ സംഭവം; ഭാരവാഹികള്‍ ഹൈക്കോടതിയില്‍
മൂലമറ്റം: കാഞ്ഞാര്‍ വിജിലന്റ് ക്ലബിനെ തകര്‍ക്കാന്‍ പൊലിസ് ശ്രമിക്കുന്നുവെന്നാരോപിച്ച് ക്ലബ് ഭാരവാഹികള്‍ ഹൈക്കോടതിയില്‍ ക്രിമിനല്‍ റിട്ട് പെറ്റിഷന്‍ നല്‍കി.
ക്ലബ് പ്രസിഡന്റ് എം.എ കബീറാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി, ജില്ലാ പൊലിസ് മേധാവി, കാഞ്ഞാര്‍ എസ്.ഐ. എന്‍.പി. ജബ്ബാര്‍ എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പരാതി നല്‍കിയത്.
ഞായറാഴ്ച മുതല്‍ കാഞ്ഞാറില്‍ നടക്കാനിരുന്ന അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് പൊലിസ് തടഞ്ഞതായാണ് ആരോപണം.
സംഘാടക സമിതിയില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റുമായ കെ.എല്‍ ജോസഫിനെയും എസ്.ഐ ജബ്ബാറിനെയും ഉള്‍പ്പെടുത്താത്തതാണ് മത്സരം പൊലിസ് തടയാന്‍ കാരണമെന്ന് ക്ലബ് ഭാരവാഹികള്‍ ആരോപിച്ചു.
സി.പി.എം നേതാവിനെ കമ്മിറ്റി ചെയര്‍മാന്‍ ആക്കിയാലേ മത്സരം നടക്കൂ എന്നാണു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തത്. എന്നാല്‍ മാസങ്ങള്‍ക്കു മുന്‍പേ രൂപീകരിച്ച സംഘാടകസമിതിയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
ഇതോടെ ഞായറാഴ്ച നടക്കാനിരുന്ന മത്സരം നിര്‍ത്തിവയ്ക്കാന്‍ പൊലിസ് ആവശ്യപ്പെടുകയായിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംഘര്‍ഷസാധ്യതയുണ്ടെന്നു സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ഉണ്ടെന്നാണ് ഇതിന് കാരണമായി പൊലിസ് പറഞ്ഞത്.
ഇതോടെ അവിടെ മത്സരിക്കാനെത്തിയ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ടീമിനെ തിരിച്ചയച്ചു. മത്സരം മുടങ്ങിയതറിഞ്ഞ് ഒട്ടേറെ നാട്ടുകാര്‍ ഞായറാഴ്ച വൈകിട്ട് അഞ്ചോടെ പ്രതിഷേധവുമായി കാഞ്ഞാറില്‍ എത്തിയിരുന്നു.
തുടര്‍ന്ന് തൊടുപുഴ-പുളിമന്‍മല സംസ്ഥാനപാതയിലൂടെ പ്രകടനവും റോഡില്‍ പ്രതിഷേധ വോളിബോള്‍ കളിയും നടത്തിയിരുന്നു.
ഒരു മാസത്തിനുശേഷം ഇവിടെ അഖില കേരള വോളിബോള്‍ മത്സരം നടത്തുമെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, വിജിലന്റ് ക്ലബിന്റെ പേരില്‍ അനധികൃതമായാണു ടൂര്‍ണമെന്റും പണപ്പിരിവും നടത്തിയതെന്നും സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിനും പാര്‍ട്ടിക്കുമെതിരേ നടത്തുന്ന നുണപ്രചാരണം ദുരുദ്ദേശപരമാണെന്നും ഇതില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും സി.പി.എം മൂലമറ്റം ഏരിയ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."