കെ.എസ്.ആര്‍.ടി.സി ബസ് ലോറിയിലിടിച്ചു: എട്ടുപേര്‍ക്ക് പരുക്ക്
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടാര്‍ മിക്‌സിങ് യൂനിറ്റുമായി പോകുകയായിരുന്ന ലോറിയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരുക്ക്.
കാസര്‍കോടുനിന്നു കോട്ടയത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. എം.സി. റോഡില്‍ തവളക്കുഴി ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ 5:15 നായിരുന്നു അപകടം. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് കണ്ടക്ടര്‍, കണ്ണൂര്‍ അരങ്ങ് കാരിക്കുളത്തില്‍ യോഹന്നാന്റെ മകന്‍ ബാബു (47), തിരുവനന്തപുരം ചിന്തു ഭവനം പ്രേം രാജിന്റെ മകന്‍ മിഥുന്‍ രാജ് (21), സുല്‍ത്താന്‍ ബത്തേരി നമ്പ്യാര്‍കുന്ന് വടശേരി മോഹന്‍ദാസിന്റെ മകള്‍ അരുണിമ (23), ആലപ്പുഴ ചെന്നിത്തല കളത്തൂരാന്‍ പറമ്പില്‍ ബാലമുരളികൃഷ്ണന്‍ (57), പാലക്കാട് കാറല്‍ മണ്ണാപല്ലവിയില്‍ ജയചന്ദ്രന്‍ ബാബുവിന്‍ന്റെ മകന്‍ ഗോപിചന്ദ് (23), തിരുവല്ല ചാത്തങ്കരി മണപ്പുറത്ത് സുഭാഷിന്റെ ഭാര്യ ഷിനി (40), തിരുവല്ല കല്ലുങ്കല്‍ പ്രദീപ് ഭവനത്തില്‍ ദിനേശിന്റെ ഭാര്യ പ്രഭ (36), മകള്‍ ആരാധ്യ (നാല്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ടക്ടര്‍ ബാബുവിന്റെ കാലിന് ഒടിവുണ്ട്. മറ്റാരുടെയും പരുക്ക് സാരമുള്ളതല്ല.
കാസര്‍കോടു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് അതേ ദിശയില്‍ പോകുകയായിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു.
ഏറ്റുമാനൂര്‍ പൊലിസും നാട്ടുകാരും ചേര്‍ന്ന് പരുക്കേറ്റ എട്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
ഫയര്‍ഫോഴ്‌സ് എത്തി ബസ് റോഡില്‍ നിന്നും മാറ്റിയിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എട്ടു മണിയോടെ കെ.എസ്.ആര്‍.ടി.സിയുടെ മെക്കാനിക്കല്‍ വിഭാഗം എത്തിയാണ് ബസ് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."