റമദാന്‍ പൊതുമാപ്പില്‍ സഊദിയില്‍ വിദേശികളെ ജയില്‍ മോചിതരാക്കും
റിയാദ്: വിശുദ്ധ റമദാന്‍ പ്രമാണിച്ച് സഊദിയില്‍ തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കും. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പ്രത്യേക താല്‍പര്യപ്രകാരം നല്‍കുന്ന നിലവില്‍ ശിക്ഷ പൂര്‍ത്തിയായിട്ടും പിഴകള്‍ ഒടുക്കുന്നതിനു സാധിക്കാത്തതിനാല്‍ ജയില്‍ വാസം തുടരുന്ന വിദേശികളുടെയും പൊതുമാപ്പ് ലഭിച്ചിട്ടും പിഴകള്‍ ഒടുക്കാന്‍ കഴിയാത്തതിനാല്‍ ബുദ്ധിമുട്ടിലായവരുടെയും പിഴകളാണ് ഒഴിവാക്കി മോചനം സാധ്യമാക്കുന്നത്.
അഞ്ചു ലക്ഷം റിയാല്‍ വരെ പിഴകളുള്ളവര്‍ക്ക് ഇളവ് ചെയ്തു കൊടുക്കാനാണ് തീരുമാനം. കൂടാതെ ചില കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കുകയും ചെയ്യുമെന്ന് സഊദി അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വ്യക്തികളുടെ അവകാശവുമായി ബന്ധപ്പെട്ടതല്ലാത്ത മിക്ക കേസുകളിലും തടവുകാര്‍ക്ക് ഇളവു ലഭിക്കും. നിശ്ചയിക്കപ്പെട്ട വിവിധ കുറ്റങ്ങള്‍ക്ക് പിഴയടക്കാനുള്ളവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും. സ്വദേശി, വിദേശ വ്യത്യാസമില്ലാതെ ജയില്‍മോചനം നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ മേഖല മേധാവികള്‍ ഇളവിന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിവരികയാണെന്നും റമദാന്‍ ആദ്യ ദിവസം മുതല്‍ ജയില്‍ മോചനം ആരംഭിക്കുമെന്നും ഇളവിന് അര്‍ഹരായ മുഴുവന്‍ പേരും മോചിതരാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അഞ്ചു ലക്ഷം റിയാലിന് മുകളില്‍ പിഴകള്‍ വിധിച്ച കേസുകള്‍ അവരുടെ കേസുകള്‍ പ്രത്യേക കോടതിക്ക് വിടും. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്കും നടപടികള്‍ക്കും ശേഷം സാമ്പത്തിക ശേഷിയില്ലെന്നു ഉറപ്പു വരുത്തിയ ശേഷം പിഴകള്‍ തടവ് ശിക്ഷയാക്കി മാറ്റുകയും പിന്നീട് നാട് കടത്തുകയും ചെയ്യും.
കൊലപാതകം, മയക്കു മരുന്ന് കടത്ത്, സായുധ കൊള്ള, ഭീകര പ്രവര്‍ത്തനം, ആഭിചാരം, മനുഷ്യക്കടത്ത്, ബാലപീഡനം, ബിനാമി ബിസിനസ്, പണം വെളുപ്പിക്കല്‍, മന്ത്രവാദ കേസുകള്‍, അവകാശലംഘനം എന്നിവയടക്കം ചില കേസുകളിലെ പ്രതികള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. റമദാന്‍ ആനുകൂല്യം പ്രഖ്യാപിച്ചതോടെ വിവിധ കേസുകളില്‍ ജയിലില്‍ കഴിയുന്ന മലയാളികളടക്കമുള്ളവര്‍ക്ക് ഉപയോഗിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."