പാസ്‌പോര്‍ട്ട് ഓഫിസ് സേവനങ്ങള്‍ക്ക് പുതിയ ആപ്പുമായി സഊദി ജവാസാത്ത് ഡയറക്ടറേറ്റ്
ജിദ്ദ: സഊദിയില്‍ പാസ്‌പോര്‍ട്ട് ഓഫിസിലെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുളള പരിഷ്‌കരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ജവാസാത്ത് ഡയറക്ടറേറ്റ് പുറത്തിറക്കി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപകാരപ്രദമായ നിരവധി സേവനങ്ങള്‍ പരിഷ്‌കരിച്ച ആപ്ലിക്കേഷനില്‍ ലഭ്യമാണെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
പാസ്‌പോര്‍ട്ട് ഓഫിസ് സന്ദര്‍ശിക്കാതെ തന്നെ നിരവധി സേവനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കാന്‍ പരിഷ്‌കരിച്ച ആപ്ലിക്കേഷന് കഴിയും. പാസ്‌പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പുരോഗതി, ഹജ്ജ് നിര്‍വഹിക്കുന്നതിനുളള അനുമതി സംബന്ധിച്ച വിവരം, പാസ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കുന്നതിനുളള അപ്പോയ്ന്റ്‌മെന്റ്, പുതിയ വിസയിലെത്തിയവരുടെയും സന്ദര്‍ശക വിസയിലെത്തിയവരുടെയും വിവരങ്ങള്‍, വിദേശ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാലാവധി, റീ എന്‍ട്രി വിസ കാലാവധി, വിരലടയാളം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ തുടങ്ങിയ അന്വേഷണങ്ങളും മൊബൈല്‍ ആപ്പ് വഴി അറിയാന്‍ സൗകര്യം ഉണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ഷിറില്‍ പ്രവേശിക്കുന്നതിനും ഏറ്റവും അടുത്ത പാസ്‌പോര്‍ട്ട് ഓഫീസിന്റെ വിവരങ്ങളും പരിഷ്‌കരിച്ച ആപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."