ബംഗാളിലെ അഴിമതി ആരോപണം പ്രതിസന്ധിയിലകപ്പെട്ട് മമത
കൊല്‍ക്കത്ത: 35 വര്‍ഷം ഭരണം നടത്തിയ ഇടതുപക്ഷത്തെ ശിഥിലീകരിച്ച് ബംഗാളില്‍ അധികാരത്തിലേറിയ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്ന് വന്‍വിവാദങ്ങളില്‍പ്പെട്ട് കടുത്ത പ്രതിസന്ധിയില്‍. മമതയുടെ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ സി.പി.എമ്മിന്റെ സ്വാധീനത അട്ടിമറിച്ച് ബംഗാളില്‍ തൃണമൂല്‍പതാക പാറിച്ചെങ്കിലും ഇപ്പോഴുയര്‍ന്ന വിവാദങ്ങള്‍ പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ആറുവര്‍ഷത്തെ ഭരണത്തിനിടക്ക് തൃണമൂലിന്റെ അടിവേരിളക്കിയ ശാരദാ, റോസ് വാലി ചിട്ടിതട്ടിപ്പുകള്‍, നാരദാ ഏജന്‍സി നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ തെളിഞ്ഞ കോഴ വിവാദം എന്നിവയാണ് തൃണമൂലിനെ തിരിഞ്ഞുകൊത്തുന്നത്.
മൂന്ന് പതിറ്റാണ്ടിലധികം ബംഗാളില്‍ ഭരണം നടത്തിയ ഇടതുപക്ഷത്തിന്റെ തകര്‍ച്ച ദേശീയ തലത്തില്‍ പോലും ശ്രദ്ധയാകര്‍ഷിച്ചുവെന്ന് മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസെന്ന പാര്‍ട്ടിയുടെ ദേശീയ തലത്തിലേക്കുള്ള കടന്ന് വരവു കൂടിയായിരുന്നു ബംഗാളില്‍ വ്യക്തമായത്. ദേശീയ തലത്തില്‍ മമതാ ബാനര്‍ജി എന്ന വനിതാ നേതാവിന്റെ മുന്നേറ്റം കൂടിയായിരുന്നു ഇത്.
ബംഗാളിലെ ജനതക്ക് വികസനത്തിന്റെ ഭാവി വാഗ്ദാനം ചെയ്ത മമതയും പാര്‍ട്ടിയും ആറ് വര്‍ഷത്തെ ഭരണത്തിനിടയില്‍ നേരിടേണ്ടി വന്ന പ്രതിസന്ധി മറികടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തൃണമൂല്‍ നേതാക്കളെയും മമതയെയും പ്രതിസന്ധിയിലാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം നാരദാ കേസില്‍ ഹൈക്കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
2013ല്‍ കൊല്‍ക്കത്തയില്‍ ചിലര്‍ ആത്മഹത്യ ചെയ്ത സംഭവമാണ് ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പുകേസിലേക്ക് വിരല്‍ ചൂണ്ടിയത്.
സുധിപ്ത സെന്‍ ചെയര്‍മാനായുള്ള ശാരദാ ചിട്ടി ഫണ്ടില്‍ പണം നിക്ഷേപിച്ചവര്‍ക്ക് പണം നഷ്ടപ്പെട്ടുവെന്നതാണ് കേസ്. 2014 ല്‍ കേസില്‍ സുപ്രി കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതും തുടര്‍ന്ന് കായിക ഗതാഗത മന്ത്രിയും മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ മദന്‍ മിത്രയുടെ അറസ്റ്റ് ശാരദാ ചിട്ടി ഫണ്ടില്‍ മമതയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ കേസുകളിലൊക്കെയും മമതയ്ക്ക് പങ്കുള്ളതായി പ്രതിപക്ഷം ആരോപിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം തൃണമൂല്‍ ലോക്‌സഭാ നേതാവ് സുധീപ് ബന്ദോപാധ്യായയെയും എം.പി. തപസ് പോളിനെയും റോസ്‌വാലി ചിട്ടി ഫണ്ട് കേസില്‍ അറസ്റ്റ് ചെയ്തത് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
ഇതിനിടയിലാണ് തൃണമൂല്‍ നേതാക്കള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ നാരദാ ന്യൂസ് ഏജന്‍സി പുറത്ത് വിട്ടത്. ഇത് പാര്‍ട്ടിയേക്കാളും മമതയ്ക്കാണ് ക്ഷീണം വരുത്തിയത്. 2500കോടിയുടെ അഴിമതി നടത്തിയ ശാരദാ കുംഭകോണത്തിന്റെയും 17,000കോടിയുടെ അഴിമതി നടത്തിയ റോസ് വാലി ഗ്രൂപ്പില്‍ നിന്നും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.
ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം നിര്‍മാണത്തിലിരിക്കെ കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്നതിന് പിന്നിലും തൃണമൂല്‍ എം.എല്‍.എമാരുടെ അഴിമതിക്കഥകള്‍ ഉയര്‍ന്നതും മമതക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."