പള്ളുരുത്തിയില്‍ യുവാവ് വീട്ടില്‍ കയറി അമ്മയേയും മകളേയും അക്രമിച്ചു
പള്ളുരുത്തി: വഴിതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് അമ്മയെയും മകളെയും വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ചു. അക്രമണത്തില്‍ പള്ളുരുത്തി കോണം കുമ്മിണിപറമ്പില്‍ മേരി ആന്റണി(62) മകള്‍ ബ്രിജിത ബിനില്‍(27) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടില്‍ സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ എത്തിയാണ് അയല്‍വാസിയായ യുവാവ് അക്രമണം നടത്തിയത്. മേരിയുടെ തലക്ക് കമ്പിവടി കൊണ്ട് അടിക്കുന്നത് തടയാന്‍ ചെന്ന ബ്രിജിതയേയും യുവാവ് അക്രമിക്കുകയായിരുന്നു.
മേരിയുടെ പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികില്‍സക്കായി കരുവേലിപ്പടി ഗവ.ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് അയല്‍വാസി ഒളിവിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളുരുത്തി പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറെ നാളുകളായി പള്ളുരുത്തി, പെരുമ്പടപ്പ് ഭാഗങ്ങളില്‍ വീട് കയറി ആക്രമണം പതിവായിരിക്കുകയാണ്. പട്ടാപകല്‍ സമയത്ത് പോലും നാട്ടുകാര്‍ ഭയഭീതിയിലാണ്. അക്രമം നടന്ന ഇടവഴി മയക്കമരുന്ന്, കഞ്ചാവ്, മദ്യമാഫിയകളുടെ കേന്ദ്രമാണ്.
സന്ധ്യയായി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ വഴിയില്‍ പരസ്യമദ്യപാനവും പതിവാണ്. ഈ ഭാഗത്ത് പൊലളസ് പെട്രോളിങ് ഇല്ലാത്തതാണ് സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടാന്‍ പ്രധാന കാരണം.
കള്‍ട്ടസ് റോഡ്, കല്ല്ചിറ, കടേഭാഗം, നമ്പ്യാപുരം, കോണം തുടങ്ങിയ സ്ഥലങ്ങള്‍ കഴിഞ്ഞ കുറച്ച് നാളായി സാമൂഹ്യവിരുദ്ധരുടെ പിടിയിലാണ്. കേസെടുത്ത് പ്രതികളെ പിടികൂടിയാല്‍ ഉടനടി ശുപാര്‍ശയുമായി രാഷ്ട്രീയക്കാര്‍ എത്തുന്നതും പൊലിസിന് തലവേദനയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."