ഗ്രീസ്മാന്റെ ഡബിളില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍
പാരിസ്: യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അയര്‍ലന്‍ഡ് നേടിയ ഒരു ഗോളിന് മറുപടിയായി രണ്ടു ഗോളുകള്‍ അടിച്ചാണ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സിനെ ഞെട്ടിച്ചുകൊണ്ട് രണ്ടാം മിനുറ്റിലാണ് അയര്‍ലന്‍ഡ് ഗോള്‍ നേടിയത്. അയര്‍ലന്‍ഡിന്റെ റോബി ബ്രാഡി നേടിയ ഗോളില്‍ ആദ്യ പകുതിയിലെ രാജാവ് അയര്‍ലന്‍ഡായിരുന്നു. രണ്ടാം മിനുറ്റില്‍ കിട്ടിയ അടിക്ക് ഫ്രാന്‍സ് തിരിച്ചടിക്കുന്നത് രണ്ടാം പകുതിയില്‍ അത്‌ലറ്റികോ മാഡ്രിഡ് താരം കൂടിയായ ആന്റോണിയോ ഗ്രീസ്മാനിലൂടെയാണ്. ഫ്രാന്‍സിനു വേണ്ടി 57ാം മിനുറ്റിലും 61ാം മിനുറ്റിലും താരം തിരിച്ചടിച്ചു.
മല്‍സരത്തില്‍ രണ്ടാം മിനുറ്റിലേറ്റ അടിയില്‍ കാലുകളിടറിയ ഫ്രാന്‍സ് ആദ്യ പകുതിയില്‍ ശരിക്കും വിയര്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നിരവധി ഗോളവസരങ്ങള്‍ പിറന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ഫ്രാന്‍സിനു കഴിഞ്ഞില്ല. പ്രതിരോധത്തിന് പേരുകേട്ട അയര്‍ലന്‍ഡ് ടീം ആദ്യ പകുതിയില്‍ സല്‍പ്പേര് കാത്തുസൂക്ഷിച്ചു. അയര്‍ലന്‍ഡിന്റെ ഗോള്‍ മുഖത്തേക്ക് നിരവധി ഷോട്ടുകള്‍ തൊടുത്തെങ്കിലും അതൊന്നും അയര്‍ലന്‍ഡ് പ്രതിരോധനിരയില്‍ വിള്ളല്‍ വീഴ്ത്താനുള്ള മൂര്‍ച്ഛയൊന്നും ഫ്രാന്‍സിന്റെ ആയുധങ്ങള്‍ക്കില്ലായിരുന്നു.
രണ്ടാം പകുതിയില്‍ സാഹചര്യങ്ങളെല്ലാം അട്ടിമറിയുന്ന കാഴ്ചയാണ് അയര്‍ലന്‍ഡ് ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഗ്രൂപ്പ് ചാംപ്യന്‍മാരായി നോക്കൗട്ടിന് എത്തിയ ഫ്രാന്‍സിന് ആ പേര് നിലനിര്‍ത്തേണ്ടത് അവശ്യമായിരുന്നു. വിജയമെന്ന മന്ത്രവുമായി രണ്ടാം പകുതിയിലിറങ്ങിയ ഫ്രഞ്ച് ടീം തുടര്‍ച്ചയായ ആക്രമണത്തിലൂടെ അയര്‍ലന്‍ഡ് പ്രതിരോധഭിത്തിയില്‍ വിള്ളല്‍ വീഴ്ത്തി. ആ വിള്ളലിലൂടെ 57ാം മിനുറ്റില്‍ ഗ്രീസ്മാന്‍ ഹെഡറിലൂടെ ആദ്യ ഗോള്‍ നേടി. രണ്ടാം ഗോള്‍ 61ാം മിനുറ്റിലൂടെ നേടി. 66ാം മിനുറ്റില്‍ മികച്ച മുന്നേറ്റത്തിലൂടെ മൂന്നാം ഗോളിനായി ഓടിയ ഗ്രീസ്മാനെ വീഴ്ത്തിയ അയര്‍ലന്‍ഡ് പ്രതിരോധതാരം ഷെയ്ന്‍ ഡെഫിക്ക് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. അതോടെ ശേഷിച്ച സമയം പത്തു പേരുമായി കളിച്ച അയര്‍ലന്‍ഡിന് പിന്നീട് ഒരു ഗോള്‍ നേടാന്‍ പോലും കഴിഞ്ഞില്ല. വിജയത്തോടെ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."