കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ വനിതാകമ്മിഷന്‍ അഭിനന്ദിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസിനകത്ത് വെച്ച് പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ കൃത്യസമയത്ത് സുരക്ഷിതമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിച്ച ഡ്രൈവറേയും കണ്ടക്ടറേയും വനിതാ കമ്മിഷന്‍ അഭിനന്ദിച്ചു.
ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ കെ. ഗിരീഷ് കുമാര്‍, കണ്ടക്ടര്‍ സാജന്‍ കെ. ജോണ്‍ എന്നിവരെയാണ് വനിതാ കമ്മിഷന്‍ അഭിനന്ദിച്ചത്. ഗിരീഷിനെ പോലുളള ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സിയുടെ അഭിമാനമാണെന്ന് കമ്മിഷന്‍ അംഗം പറഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. ആയൂരില്‍ നിന്ന് പുറപ്പെട്ട ബസില്‍ നൂറോളം യാത്രക്കാരുണ്ടായിരുന്നു. തിങ്കളാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വട്ടപ്പാറ എത്തിയപ്പോള്‍ പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ പതിമൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചത് വെറും പത്ത് മിനുട്ടു കൊണ്ടാണ്.
യുവതി അസ്വസ്ഥതയോടെ ഇരിക്കുന്നതു കണ്ട കണ്ടക്ടര്‍ സാജന്‍ കെ. ജോണ്‍ ഡ്രൈവര്‍ ഗിരീഷ് കുമാറിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് അതിവേഗത്തില്‍ ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സഹായവുമായി പൊലിസ് കൂടി എത്തിയതോടെ യുവതിയെ സുരക്ഷിതമായി എസ്.എ.ടി ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."