പദ്ധതി അട്ടിമറിക്കപ്പെടുന്നു: തലചായ്ക്കാന്‍ ഇടമില്ലാതെ ആദിവാസികള്‍
കാട്ടാക്കട: ആദിവാസികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനുള്ള പദ്ധതി അട്ടിമറിയ്ക്കപ്പെടുന്നു. അനുവദിച്ച പണവും വീട്ടിനുവേണ്ട തടിയും കിട്ടാത്തതിനാല്‍ കിടപ്പാടം എന്നത് ഒരു സ്വപ്നമായി മാറുന്നു. കുറ്റിച്ചല്‍ പഞ്ചായത്തിലെ പൊടിയം, കൈതോട് തുടങ്ങിയ 10ളം സെറ്റില്‍മെന്റിലെ ആദിവാസികളായ കാണിക്കാര്‍ക്കാണ് ഈ ദുരവസ്ഥ.
പട്ടികവര്‍ഗ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് കാണിക്കാര്‍ക്ക് വീട് വയ്ക്കാന്‍ ഫണ്ട് അനുവദിച്ചത്. ആദിവാസി സെറ്റില്‍മെന്റുകളില്‍ ഇതിനായി ഊരുക്കൂട്ടം കൂടി ഉള്‍പ്പെടുത്തുന്നവരെ കണ്ടെത്തുകയും പണം അനുവദിക്കുകയും ചെയ്തു. പ്ലാന്‍ഫണ്ടാണ് ഇവര്‍ക്ക് അനുവദിച്ചത്. പണം അനുവദിച്ച് പണി തുടങ്ങിയപ്പോള്‍തന്നെ തടസം വന്നു. വീടിനാവശ്യമായ തടി വനം വകുപ്പാണ് നല്‍കേണ്ടത്. ഇവര്‍ക്ക് വേണ്ടുന്ന തടി നല്‍കണമെന്ന് നിര്‍ദ്ദേശവുമുണ്ട്. എന്നാല്‍ വനം വകുപ്പിലെ ചിലര്‍ കളിച്ചതോടെ വീട് നിര്‍മാണം പാതി വഴിയിലായി. വീട് നിര്‍മാണം തുടങ്ങിയപ്പോള്‍ തന്നെ റെയിഞ്ച് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തടി വന്നില്ല. അടിത്തറകെട്ടി ഏകദേശം പണികള്‍ തീര്‍ത്ത് തടി പണി വേണ്ട സമയത്താണ് വനം വകുപ്പ് തടസം തീര്‍ത്തത്. അപേക്ഷകള്‍ നഷ്ടപ്പെട്ടെന്ന് ആദ്യം പറഞ്ഞ് വനം വകുപ്പ് വീണ്ടും അപേക്ഷ നല്‍കാന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് ഈ അപേക്ഷകള്‍ ജില്ലാ വനം ഓഫിസില്‍ എത്തിച്ചിട്ടില്ല എന്നാണ്.
ഇപ്പോള്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത നിലയിലാണ് ആദിവാസികള്‍. മഴക്കാലമെത്തും മുന്‍പ് തീര്‍ക്കാം എന്ന് കരുതിയ പണിയാണ് ഇതോടെ നീളുന്നത്. അതിനിടെ അനുവദിച്ച പണത്തിന്റെ ബാക്കി തുക നല്‍കാനും പട്ടികവര്‍ഗ വകുപ്പ് വിസമ്മതിക്കുന്നു. തടി പണി തീര്‍ത്താലേ പണം തരൂ എന്നാണ് അവര്‍ പറയുന്നത്. ഈ സ്ഥിതിയാണ് എന്ന് അറിയിച്ചിട്ടും ഘട്ടങ്ങളിലായി നല്‍കേണ്ട തുക പോലും തടി എന്ന കാരണം പറഞ്ഞ് നീട്ടി വയ്ക്കുന്നത് ഇവര്‍ക്ക് ഏറെ ദോഷകരമായി മാറിയിരിക്കുകയാണ്.
നിലവില്‍ ഉണ്ടായിരുന്ന കുടിലുകള്‍ പൊളിച്ച് മാറ്റിയാണ് പുതിയ വീട്ടിനായി ഇവര്‍ ഇറങ്ങി തിരിച്ചത്. ഇപ്പോള്‍ കുടുംബങ്ങളുമായി ജനലും വാതിലുമില്ലാത്ത കൂരയില്‍ കാട്ടുമൃഗങ്ങളെ പേടിച്ച് കിടക്കേണ്ട സ്ഥിതിയാണ്. പട്ടികവര്‍ഗ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകള്‍ക്ക് തടി നല്‍കണമെന്ന് ഇറങ്ങിയ രണ്ടു സര്‍ക്കാര്‍ ഉത്തരവുകള്‍ നില നില്‍ക്കെയാണ് കാണിക്കാര്‍ക്ക് തടി നല്‍കാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."