സ്വത്തുസമ്പാദന കേസില്‍ മനോജ് എബ്രഹാമിനെതിരേ അന്വേഷണത്തിന് ഉത്തരവ്
മൂവാറ്റുപുഴ: അമിത സ്വത്തുസമ്പാദന കേസില്‍ മനോജ് എബ്രഹാം ഐ.പി.എസിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി. ഓരോ മൂന്നുമാസം കൂടുമ്പോഴും കോടതിയെ അന്വേഷണപുരോഗതി അറിയിക്കണമെന്നും എസ്.പി റാങ്കിന് മുകളിലുള്ള ഓഫിസര്‍ കേസ് അന്വേഷിക്കണമെന്നും വിജിലന്‍സ് ജഡ്ജി പി മാധവന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
പത്തനംതിട്ട സ്വദേശി പി.കെ ചന്ദ്രശേഖരന്‍ നായര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. 2005 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ 61.89 ലക്ഷം രൂപയുടെ അധികവരുമാനമാണു മനോജ് എബ്രഹാം സമ്പാദിച്ചത്. തൃശൂര്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ ക്വാറി മാഫിയയും ഐ.ജി മനോജ് എബ്രഹാമും തമ്മിലുള്ള കൂട്ടുകെട്ട് അമിതമായി സ്വത്ത് സമ്പാദിക്കുന്നതിന് ഉപയോഗിച്ചെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. മനോജ് എബ്രഹാം തിരുവനന്തപുരത്ത് ബംഗ്ലാവ് പണിയുകയും നിരവധി വിദേശയാത്രകള്‍ നടത്തുകയും ചെയ്തു.
ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ ഉപകരണങ്ങള്‍ വാങ്ങിയതിലും അഴിമതി നടന്നുവെന്നും ഭാര്യയുടെ പേരിലുള്ള ബിസിനസ് ഗ്രൂപ്പില്‍ പണം മുടക്കി, എറണാകുളം, വയനാട്, പത്തനംതിട്ട, കര്‍ണാടക എന്നിവിടങ്ങളില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുവാന്‍ കൊച്ചിയില്‍ പൊലിസ് കമ്മിഷണറായിരുന്നപ്പോള്‍ മനോജ് എബ്രഹാം ശ്രമിച്ചുവെന്നും ഹരജിക്കാരന്‍ ആരോപിച്ചു.
ത്വരിതാന്വേഷണത്തില്‍ 0.25 ശതമാനം അധിക സ്വത്താണ് വിജിലന്‍സ് പൊലിസ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരേ ഹരജിക്കാരന്‍ ആക്ഷേപം ഫയല്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."