വാറ്റ് വരുമാന വര്‍ധനവ്: പ്രതീക്ഷയോടെ ജി.സി.സി രാഷ്ട്രങ്ങള്‍
ജിദ്ദ: എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ നികുതി ഘടനയിലേക്കുള്ള ചുവടുമാറ്റം ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ ജി.സി.സി രാഷ്ട്രങ്ങള്‍. അടുത്ത വര്‍ഷം മുതല്‍ മൂല്യവര്‍ധിത നികുതി പിരിക്കാനുള്ള നിയമനടപടികള്‍ എല്ലാ രാജ്യങ്ങളും പൂര്‍ത്തീകരിച്ചു.
ഉല്പന്നങ്ങള്ക്ക് അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതിയാണ് ഏര്‍പ്പെടുത്തുക. ഭക്ഷ്യ ഉല്പന്നങ്ങളെ നികുതിയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി, വെള്ളം നിരക്കുകള്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ചുരുങ്ങിയത് 1,200 കോടി റിയാലെങ്കിലും അടുത്ത വര്‍ഷം മൂല്യവര്‍ധിത നികുതിയിലൂടെ സഊദിക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഉല്പാദനം കുറച്ചിട്ടും എണ്ണവില ഗണ്യമായി ഉയരാത്ത സാഹചര്യത്തില്‍ പുതിയ വരുമാന സാധ്യത രാജ്യങ്ങള്‍ക്ക് ഏറെ തുണയാകും.
പുകയില, ഊര്‍ജദായക പാനീയങ്ങള്‍ എന്നിവയ്ക്ക് വാറ്റ് ബാധകമാകുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. മൂല്യവര്‍ധിത നികുതിയുടെ വരവോടെ ഉപഭോക്താക്കളുടെ ഷോപ്പിങ് മനോഭാവത്തില്‍ മാറ്റത്തിന് സാധ്യതയില്ലെന്നാണ് റീട്ടെയില്‍ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."