ഉ. കൊറിയ: അമേരിക്ക ആശങ്കപ്പെടേണ്ടെന്ന് ചൈന
ബെയ്ജിങ്: ഉത്തര കൊറിയയുടെ ആണവ പരീക്ഷണ വിഷയത്തില്‍ അമേരിക്ക ആശങ്കപ്പെടേണ്ടതില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് വാങ് യീ ഇക്കാര്യം അറിയിച്ചത്.
ട്രംപ് അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ചൈനാ സന്ദര്‍ശനത്തിലാണ് ടില്ലേഴ്സണ്. കിഴക്കേഷ്യന്‍ രാജ്യങ്ങളിലുള്ള സന്ദര്‍ശനത്തിന്റെ അവസാനഘട്ടത്തിലാണ് റെക്സ് ടില്ലേഴ്സണ് ചൈനയിലെത്തിയത്. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. നനിലവില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകം തന്നെയാണെന്ന് അഭിപ്രായപ്പെട്ട വാങ് യീ ഇത് സംഘട്ടനത്തിലേക്ക് നീങ്ങാതെ നോക്കണമെന്നും പറഞ്ഞു. നേരത്തെ, ദക്ഷിണ കൊറിയയുടെയോ അമേരിക്കയുടെയോ സൈന്യത്തിന് ഭീഷണിയുയര്‍ത്തിയാല്‍ തങ്ങള്‍ ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് നേരത്തെ അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.
അമേരിക്കയില്‍ വരെ എത്താന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഉത്തര കൊറിയ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച യു.എന്‍ പ്രമേയത്തെ മറികടന്ന് നാല് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. ഉത്തര കൊറിയയെ ചൈന സഹായിക്കുന്നതായി ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു.
ടില്ലേഴ്സണ് ഇന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും കൂടിക്കാഴ്ച നടത്തും. അടുത്ത മാസം ചൈനീസ് പ്രസിഡന്റ് അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."