മക്കയിലെ തണല്‍ക്കുട പദ്ധതി ഉടനെയെന്ന് ഹറം മന്ത്രാലയം
ജിദ്ദ: മക്കയിലെ ഹറമിന്റെ മുറ്റങ്ങളിലും മതാഫിലും തണല്‍ കുടകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ വൈകാതെ യാഥാര്‍ഥ്യമാകുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. ഹറമില്‍ നടപ്പാക്കുന്ന പുതിയ വികസന പദ്ധതികള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നാമകരണം ചെയ്യുന്നതിനുള്ള നിര്‍ദേശം രാജാവിന് സമര്‍പ്പിച്ചിട്ടുണ്ട്. ഹറം വികസനത്തിന്റെ അവശേഷിക്കുന്ന രണ്ടു നിലകളുടെ പൂര്‍ത്തീകരണം, ഹറമൈന്‍ യൂനിവേഴ്‌സിറ്റി അടക്കമുള്ള പദ്ധതികളും വൈകാതെ യാഥാര്‍ഥ്യമാകും.
സംസം കിണര്‍ പുനരുദ്ധാരണം റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് പൂര്‍ത്തിയായത്. വര്‍ഷത്തില്‍ 13.7 ലക്ഷം ടണ്‍ സംസം വെള്ളം ഉപയോഗിക്കുന്നുണ്ട്. വിശുദ്ധ റമദാനില്‍ ഹറമിലേക്ക് ഒഴുകിയെത്തുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് എല്ലാവിധ ഒരുക്കങ്ങളും ഹറംകാര്യ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.
അതേസമയം, ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ അംഗീകരിച്ച ഉംറ സുരക്ഷാ പദ്ധതി തിങ്കളാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങിയതായി ഹജ്, ഉംറ സുരക്ഷാ സേന കമാണ്ടര്‍, ജനറല്‍ ഖാലിദ് അല്‍ഹര്‍ബി പറഞ്ഞു. സുരക്ഷാ, ഗതാഗത, ജനക്കൂട്ട നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കുന്നതിന് മുപ്പതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോക്കറ്റടിയും മറ്റു നിഷേധാത്മക പ്രവണതകളും തടയുന്നതിന് മഫ്തിയില്‍ നിരവധി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വനിതാ തീര്‍ഥാടകരുടെ ഭാഗങ്ങളില്‍ നിരീക്ഷണത്തിന് നിരവധി വനിതാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. നടവഴികളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നത് കര്‍ശനമായി തടയും.
മൂന്നാമത് സൗദി വികസന ഭാഗത്ത് സുരക്ഷാ കാര്യങ്ങളുടെ ചുമതല നയതന്ത്ര സുരക്ഷാ സേനക്ക് ആണ്. ആദ്യമായാണ് നയതന്ത്ര സുരക്ഷാ സേന ഹറമില്‍ സേവനമനുഷ്ഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."