അണ്ടര്‍ 17 ലോകകപ്പ്: സ്റ്റേഡിയം മെയ് 31നകം ഫിഫയ്ക്ക് കൈമാറുമെന്ന് മന്ത്രി
കൊച്ചി: ഫിഫ അണ്ടര്‍17 ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയിലെ പ്രധാന സ്റ്റേഡിയവും നാലു പരിശീലന ഗ്രൗണ്ടുകളും മുഴുവന്‍ നിര്‍മാണ ജോലികളും പൂര്‍ത്തിയാക്കി മെയ് 31നകം ഫിഫക്ക് കൈമാറുമെന്നു മന്ത്രി എ.സി.മൊയ്തീന്. സ്റ്റേഡിയങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു ജി.സി.ഡി.എയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒക്ടോബറിലാണ് രാജ്യം ആദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ ലോകകപ്പ്. 24നു ഫിഫയുടെ ഉന്നതതല സംഘം സ്റ്റേഡിയം പരിശോധനക്കായി എത്തും.
അഗ്നി രക്ഷാ സംവിധാനങ്ങള്‍, ഗാലറിയില്‍ കസേര ഘടിപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ മന്ദഗതിയില്‍ നീങ്ങുന്നതു മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കൂടി ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മന്ത്രി കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേര്‍ത്തു നടപടികള്‍ അവലോകനം ചെയ്തത്. അഗ്നി രക്ഷ സംവിധാനങ്ങള്‍ നവീകരിക്കുന്ന ജോലികള്‍ക്കായി നല്കിയ കരാറില്‍ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നു സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എ കരാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്നു നിര്‍മാണം കിറ്റ്കോയെ ഏല്‍പ്പിക്കുകയായിരുന്നു. പുതിയ ടെന്‍ഡര്‍ അന്തിമ ഘട്ടത്തിലാണെന്നും 20നു പണികള്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. സ്റ്റേഡിയം നിര്‍മാണത്തിനാവശ്യമായ തുക കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചു കഴിഞ്ഞു. മഹാരാജാസ് കോളജില്‍ സ്റ്റേഡിയം നവീകരണം നടക്കുമ്പോള്‍ ഇപ്പോഴത്തെ സിന്തറ്റിക് ട്രാക്ക് സംരക്ഷിക്കണമെന്നു കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മേഴ്സി കുട്ടന്റെ ആവശ്യം പരിഗണിക്കുമെന്നു മന്ത്രി ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."