മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
നാദാപുരം: യുവതി ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച രണ്ടു മക്കളില്‍ മൂന്നു വയസുകാരി മരിച്ചു. ഒന്നര വയസുകാരനായ മകനെയും ആത്മഹത്യക്ക് ശ്രമിച്ച യുവതിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറമേരി കക്കംവെള്ളിയിലെ കുളങ്ങരത്ത് മുഹമ്മദ് ഖൈസിന്റെ മൂത്ത മകള്‍ ഇന്‍ഷാ ലാമിയ ആണ് മരിച്ചത്. ഇളയ മകന്‍ അമന്‍ സയാന്‍ ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അമന്‍ സയാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യം ചെയ്ത മാതാവ് സഫൂറയെ (25) നാദാപുരം പോലിസ് അറസ്റ്റ് ചെയ്തു. ഇരു കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സഫൂറയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ചികിത്സക്ക് വിധേയയാക്കി.
ഇന്നലെ ഉച്ചക്ക് 12 നാണ് പുറമേരിയിലെ ഭര്‍തൃ വീട്ടില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടികള്‍ക്ക് കഞ്ഞി കൊടുക്കാനെന്ന് പറഞ്ഞു മുകളിലത്തെ റൂമില്‍ കൊണ്ടു പോയി ബാത്ത് റൂമില്‍ വച്ചാണ് കൃത്യം നടത്തിയത്. സംഭവത്തിനു ശേഷം കൈകള്‍ക്ക് മുറിവേല്‍പ്പിച്ച് താഴേക്ക് വന്ന് സഫൂറ തന്നെയാണ് ഭര്‍തൃ സഹോദരി നൗഷിദയോട് വിവരം പറഞ്ഞത്. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും സഫൂറ തന്നെ ഇതുവഴിവന്ന ബൈക്കില്‍ മകളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഇളയ കുട്ടിയെ നാട്ടുകാരാണ് കോഴിക്കോട്‌മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനായി ഇന്‍ഷാ ലാമിയയുടെ മൃതശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മാതാവിന്റെ പേരില്‍ കൊലപാതകത്തിനും, കൊലപാതക ശ്രമത്തിനും കേസെടുത്തു.
ക്രൂരകൃത്യം ചെയ്യാന്‍ സഫൂറയെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ലെന്ന് പൊലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. യുവതിയെയും മക്കളെയും ദുബൈയിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് മുഹമ്മദ് ഖൈസ് ഇന്ന് നാട്ടിലെത്താനിരിക്കേയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."