പ്രതീക്ഷ പൂജാരയില്‍
റാഞ്ചി: ആസ്‌ത്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ലീഡിനായി പൊരുതുന്നു. സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന വിശ്വസ്തന്‍ ചേതേശ്വര്‍ പൂജാരയുടെ അപരാജിത പ്രകടനമാണു ഇന്ത്യയുടെ പ്രതീക്ഷ നിലനിര്‍ത്തുന്നത്. ആസ്‌ത്രേലിയ നേടിയ 451 റണ്‍സിനു മറുപടിയായി ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം അവസാനിപ്പിച്ചു. 130 റണ്‍സുമായി പൂജാരയും 18 റണ്‍സുമായി വൃദ്ധിമാന്‍ സാഹയുമാണു ക്രീസില്‍. നാലു വിക്കറ്റുകള്‍ ശേഷിക്കേ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യയ്ക്കു 91 റണ്‍സ് കൂടി വേണം.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യയെ പൂജാരയും മുരളി വിജയിയും ചേര്‍ന്ന സഖ്യം മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 82 റണ്‍സെടുത്ത വിജയിയെ ഒകീഫിന്റെ പന്തില്‍ കീപ്പര്‍ മാത്യു വെയ്ഡ് സ്റ്റംപ് ചെയ്തു പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തി പേസര്‍ പാറ്റ് കമ്മിന്‍സ് ആറു വര്‍ഷത്തിനു ശേഷമുള്ള തിരിച്ചു വരവ് ശരിക്കും ആഘോഷിക്കുകയായിരുന്നു.
പരുക്കിനെ തുടര്‍ന്നു രണ്ടാം ദിനം മൈതാനം വിട്ട നായകന്‍ വിരാട് കോഹ്‌ലി ആറു റണ്‍സുമായി ക്ഷണത്തില്‍ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഓസീസ് നായകന്‍ സ്മിത്ത് കോഹ്‌ലിയെ ക്യാച്ചിലൂടെ പുറത്താക്കി. പിന്നീടെത്തിയ അജിന്‍ക്യ രഹാനെയും വലിയ സ്‌കോര്‍ നേടാനാകാതെ കീഴടങ്ങിയതോടെ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയിലായി. 14 റണ്‍സാണു രഹാനെ നേടിയത്. രഹാനെയുടെ വിക്കറ്റും കമ്മിന്‍സ് നേടി. പിന്നീട് കരുണ്‍ നായര്‍ പൂജാരയ്‌ക്കൊപ്പം ക്രീസിലെത്തിയതോടെ ഇന്ത്യ വീണ്ടും ട്രാക്കിലായെന്നു തോന്നിപ്പിച്ചു.
സ്‌കോര്‍ 300 കടത്താന്‍ ഇരുവരും ചേര്‍ന്ന സഖ്യത്തിനു സാധിച്ചു. എന്നാല്‍ മികച്ച സ്‌കോറിലേക്കു നീങ്ങുകയായിരുന്ന കരുണിനെ ഹാസ്‌ലെവുഡ് ക്ലീന്‍ ബൗള്‍ഡാക്കുകയും പിന്നാലെയെത്തിയ അശ്വിനെ കമ്മിന്‍സ് വെയ്ഡിന്റെ കൈകളിലും ആക്കിയതോടെ ഇന്ത്യ ആറു വിക്കറ്റിനു 328 എന്ന നിലയിലായി.
കരുണ്‍ 23 റണ്‍സെടുത്തപ്പോള്‍ അശ്വിന്‍ മൂന്നു റണ്‍സുമായി മടങ്ങി. പിന്നീട് ക്രീസിലെത്തിയ സാഹ കൂടുതല്‍ നഷ്ടങ്ങളില്ലാതെ മൂന്നാം ദിനം പോരാട്ടം അവസാനിപ്പിക്കാന്‍ പൂജാരയ്‌ക്കൊപ്പം നിലയുറപ്പിച്ചത് ഇന്ത്യക്ക് താത്കാലിക ആശ്വാസമായി.
പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങാവാറുള്ള സാഹ നാലാം ദിനം പൂജാരയ്‌ക്കൊപ്പം പിടിച്ചു നിന്നാല്‍ ഇന്ത്യക്ക് അല്ലലില്ലാതെ മുന്നോട്ടു പോകാം. നേരത്തെ രണ്ടാം ദിനത്തില്‍ ഓപണര്‍ കെ.എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി മടങ്ങിയിരുന്നു. 67 റണ്‍സാണ് രാഹുല്‍ നേടിയത്.
കരിയറിലെ 11ാം ടെസ്റ്റ് ശതകമാണ് പൂജാര റാഞ്ചിയില്‍ കുറിച്ചത്. ആസ്‌ത്രേലിയക്കെതിരേ താരം സ്വന്തമാക്കുന്ന രണ്ടാമത്തെ സെഞ്ച്വറിയുമാണിത്. ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ആദ്യ സെഞ്ച്വറിയും ഇതു തന്നെ. 328 പന്തുകള്‍ നേരിട്ടു 17 ഫോറുകളുടെ അകമ്പടിയിലാണ് പൂജാര 130 റണ്‍സെടുത്തത്.
ടെസ്റ്റില്‍ അരങ്ങേറ്റം കളിച്ച് പിന്നീട് പരുക്കിനെ തുടര്‍ന്നു കളം വിട്ട പാറ്റ് കമ്മിന്‍സിന്റെ ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള മടങ്ങി വരവും അവിസ്മരണീയമായി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടേതടക്കം നിര്‍ണായകമായ നാലു വിക്കറ്റുകള്‍ പിഴുത് കമ്മിന്‍സ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴക്കി.
ഒരു വേള മികച്ച സ്‌കോറിലേക്കെന്നു തോന്നിപ്പിച്ച ഇന്ത്യന്‍ ഇന്നിങ്‌സിനു കടിഞ്ഞാണിട്ടതും കമ്മിന്‍സിന്റെ ബൗളിങാണ്. ശേഷിച്ച രണ്ടു വിക്കറ്റുകള്‍ ഒകീഫും ഹാസ്‌ലെവുഡും പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."