ഖത്തറില്‍ കമ്പനി വിസയടിച്ചു നല്‍കാത്തത് കാരണം തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നു
ദോഹ: തൊഴിലുടമകള്‍ റസിഡന്‍സി പെര്‍മിറ്റ്(ആര്‍പി) എടുത്തു നല്‍കാത്തതിനെത്തുടര്‍ന്ന് ചികിത്സാസൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതിയുമായി ഒരു വിഭാഗം തൊഴിലാളികള്‍. ചില ചെറുകിട സ്ഥാപനങ്ങളില്‍ ഒരുവര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവര്‍ക്കു പോലും ആര്‍പി ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികളെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പേപാര്‍ട്ട് ചെയ്തു. ആര്‍പിയില്ലാത്തതിനെത്തുടര്‍ന്ന് ഈ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാത്ത സാഹചര്യമുണ്ട്.
രാജ്യത്തെ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും ചികില്‍സ ലഭിക്കാന്‍ ഹെല്‍ത്ത്കാര്‍ഡ് ആവശ്യമാണ്. ഹെല്‍ത്ത് കാകാര്‍ഡില്ലാത്തതുകാരണം ഉയര്‍ന്ന തുക നല്‍കി സ്വകാര്യകേന്ദ്രങ്ങളിലും മറ്റും ചികിത്സ തേടേണ്ട സാഹചര്യമാണുള്ളതെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കാലാവധി കഴിഞ്ഞ റസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുന്നതിലും തൊഴിലുടമകളോ സ്ഥാപനങ്ങളുടെ മാനേജര്‍മാരോ താല്‍പര്യമെടുക്കുന്നില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ ആര്‍പി യഥാസമയം പുതുക്കി നല്‍കാതിരുന്ന നിരവധി കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വന്‍തുക പിഴ ചുമത്തിയിരുന്നു. എന്നാല്‍, കൂടുതല്‍ തൊഴിലാളികളില്ലാത്ത ചില ചെറുകിട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആര്‍പി പുതുക്കി ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ആര്‍പി കാര്‍ഡ് ലഭ്യമായിരുന്നിട്ടും ചില കമ്പനികള്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ എടുത്തുനല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇത്തരം രേഖകളുടെ അഭാവം കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെയാണ് ദോഷകരമായി ബാധിക്കുന്നത്. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐ സി ബി എഫ്) ഉള്‍പ്പടെയുള്ള ഫോറങ്ങള്‍ സംഘടിപ്പിക്കുന്ന സൗജന്യ ആരോഗ്യ ക്യാംപുകളാണ് ഇത്തരം തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്നത്.
മാനുഷികത കണക്കിലെടുത്ത് ഹെല്‍ത്ത് കാര്‍ഡോ ആര്‍പിയോ ഇല്ലാത്ത തൊഴിലാളികള്‍ക്കും സൗജന്യ ക്യാംപിന്റെ സേവനം ലഭ്യമാക്കുന്നുണ്ടെന്ന് ഐ സി ബി എഫ് പ്രതിനിധി ചൂണ്ടിക്കാട്ടി. വിസ നടപടിക്രമങ്ങളിലെ കാലതാമസം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍മന്ത്രാലയത്തിന്റെ ഇടപെടലുണ്ടാകണമെന്ന് മൈദര്‍ കേന്ദ്രമായുള്ള ശുചീകരണകമ്പനിയിലെ തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഒരുവര്‍ഷം കഴിഞ്ഞിട്ടും പലരുടെയും വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തങ്ങളുടെ തൊഴിലുടമകള്‍ തയാറായിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. പതിനാല് മാസം കഴിഞ്ഞിട്ടും ഇതുവരെയും ആര്‍പി ലഭിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."