കര്‍ണാടക എം.എല്‍.എമാരെ ക്ഷണിച്ച് കേരള ടൂറിസം
തിരുവനന്തപുരം: കര്‍ണാടക എം.എല്‍.എമാരെ കേരളത്തിലേക്കു ക്ഷണിച്ചുള്ള കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ട്വീറ്റ് പിന്‍വലിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായതോടെയാണ് ട്വീറ്റ് പിന്‍വലിച്ചത്. കര്‍ണാടകത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് കര്‍ണാടക എം.എല്‍.എമാരെ കേരളാ ടൂറിസം കേരളത്തിലേക്കു ക്ഷണിച്ചത്.
ശക്തമായ പോരാട്ടത്തിനൊടുവില്‍ സമ്മര്‍ദത്തില്‍ നിന്നു മുക്തി നേടാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുന്ദരവും സുരക്ഷിതവുമായ റിസോര്‍ട്ടുകളിലേക്ക് വരാനാണ് കേരളാ ടൂറിസം എം.എല്‍.എമാരോട് ആവശ്യപ്പെട്ടിരുന്നത്. 'വരൂ, പുറത്തിറങ്ങി കളിക്കൂ' എന്ന ഹാഷ് ടാഗും ട്വീറ്റിനൊപ്പമുണ്ടായിരുന്നു. ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ആയിരക്കണക്കിനു പേരാണ് റീ ട്വീറ്റ് ചെയ്തത്.
എന്നാല്‍ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന വിലയിരുത്തലില്‍ ട്വീറ്റ് പിന്‍വലിച്ചത്.
കര്‍ണാടക എം.എല്‍.എമാരെ ഒളിപ്പിച്ചു താമസിപ്പിക്കാനുള്ള ഒരു ഉദ്ദേശ്യവുമില്ലായിരുന്നെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ട്വീറ്റിനെതിരായ അഭിപ്രായങ്ങള്‍ വന്നതോടെയാണ് പിന്‍വലിച്ചത്. ട്വീറ്റ് രാജ്യത്താകെ ശ്രദ്ധിക്കപ്പെടുകയും അതിലൂടെ കേരള ടൂറിസം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഒരു ട്വീറ്റിലൂടെ കോടികള്‍ മുടക്കി ചെയ്യുന്നതിനേക്കാള്‍ പ്രചാരണമാണ് കേരള ടൂറിസത്തിനു ലഭിച്ചത്.
മാനസിക സംഘര്‍ഷത്തിലായ കര്‍ണാടക എം.എല്‍.എമാര്‍ക്ക് ഉല്ലാസത്തോടെ കഴിയാം എന്നാണ് ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്നും അതിനപ്പുറം ഒന്നുമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
കേവല ഭൂരിപക്ഷം നേടുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടതോടെയാണ് കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നേരിട്ടത്. അതിനിടെ ബി.ജെ.പി കുതിരക്കച്ചവടത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിയതോടെ തങ്ങളുടെ എം.എല്‍.എമാരെ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റാന്‍ കോണ്‍ഗ്രസ്, ജനതാദള്‍ നേതൃത്വം നീക്കം ആരംഭിച്ചിരുന്നു.
ഇതിനിടെയാണ് എം.എല്‍.എമാരെ കേരളത്തിലേക്കു ക്ഷണിച്ച് ടൂറിസം വകുപ്പ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."