തറാവീഹ് 11 റക്അത്ത് മതിയെന്ന വാദത്തിന് പ്രമാണങ്ങളുടെ പിന്‍ബലമില്ലെന്ന് മുജാഹിദ് വിഭാഗം
കോഴിക്കോട്: റമദാനിലെ പ്രത്യേക രാത്രി നിസ്‌കാരമായ തറാവീഹ് 20 റക്അത്ത് നിസ്‌കരിക്കുന്നതില്‍ തെറ്റില്ലെന്നും 11 റക്അത്ത് നിസ്‌കരിച്ചാല്‍ മതിയെന്ന കടുംപിടുത്തത്തിന് പ്രമാണങ്ങളുടെ പിന്‍ബലമില്ലെന്നും അത് സലഫുകളുടെ മാതൃകയ്ക്ക് എതിരാണെന്നും മുജാഹിദ് വിഭാഗം. മുജാഹിദ് മാസികയായ അല്‍ ഇസ് ലാഹിന്റെ പുതിയ ലക്കത്തിലെ തറാവീഹ് അനാവശ്യ വിവാദങ്ങളും ഉലമാക്കളുടെ സലഫീ നിലപാടുകളും എന്ന ലേഖനത്തിലാണ് ലോക മുസ്‌ലിംകള്‍ അനുവര്‍ത്തിച്ചു പോരുന്ന 20 റക്അത്ത് തറാവീഹ് നിസ്‌കാരം തെറ്റല്ലെന്ന നിലപാട് സ്വീകരിക്കുന്നത്. പ്രമുഖ മുജാഹിദ് പണ്ഡിതനായ ഡോ. കെ.കെ സകരിയ്യ സ്വലാഹിയാണ് തറാവീഹ് വിവാദം സംബന്ധിച്ച് തുടര്‍ലേഖനം എഴുതുന്നത്. ഇതിന്റെ ആദ്യ ഭാഗത്തിലാണ് കാലങ്ങളായി മുജാഹിദുകള്‍ സ്വീകരിച്ച വാദത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചത്.
ഉമര്‍ (റ) വും മറ്റു സ്വഹാബികളും റമദാനില്‍ ചെയ്തത് പോലെ 23 റക്അത്ത് നിസ്‌കരിക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യുന്നത് തെറ്റല്ലെന്നും ഈ വിഷയം വിശാലമാണെന്നും സ്വലാഹിയുടെ ലേഖനത്തില്‍ പറയുന്നു.
ഉമര്‍ (റ)വും സ്വഹാബികളും പതിനൊന്നും 23 ഉം റക്അത്ത് നിസ്‌കരിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഉമര്‍ (റ) വിന്റെ കല്‍പ്പന പ്രകാരം സ്വഹാബികള്‍ 23 റക്അത്ത് നിസ്‌കരിച്ചതായും സ്ഥിരപ്പെട്ടതാണ്. രാത്രി നിസ്‌കാരം രണ്ടു റക്്അത്തുകള്‍ വീതം ആകണമെന്ന് പ്രവാചകന്‍ പറഞ്ഞതായി ഹദീസില്‍ കാണാം. നാല് റക്അത്തുകള്‍ ഒരുമിച്ച് നിസ്‌കരിക്കല്‍ അനുവദനീയമല്ല എന്നു മാത്രമേ ഇക്കാര്യത്തില്‍ മനസിലാക്കേണ്ടതുള്ളൂ. 11 റക്അത്തില്‍ കൂടുതല്‍ നിസ്‌കരിച്ചാലും അത് പ്രവാചക ചര്യയാണെന്ന് അനുമാനിക്കേണ്ടിവരുമെന്നും ലേഖനം പറയുന്നു.
ഇബ്‌നു തൈമിയയുടെ മജ്മൂഉ ഫതാവ എന്ന ഗ്രന്ഥത്തില്‍ ഉമര്‍ (റ) വിന്റെ തറാവീഹ് നിസ്‌കാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗവും ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉബയ്യുബ്‌നു കഅ്ബ് ഇമാമായപ്പോള്‍ ഉമര്‍ (റ) 20 റക്്അത്ത് തറാവീഹ് നിസ്‌കരിക്കാന്‍ അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയെന്നും പിന്നീട് മൂന്നു റക്അത്ത് വിത്‌റ് ആക്കിയെന്നും അങ്ങനെ ആകെ 23 റക്്അത്ത് നിസ്‌കരിച്ചെന്നും ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിംകളില്‍ ഭൂരിഭാഗവും തറാവീഹ് 20 റക്്അത്താണ് നിസ്‌കരിക്കുന്നതെന്നും ലേഖനം പറയുന്നു. നബി (സ്വ) നിസ്‌കരിച്ച എണ്ണത്തേക്കാള്‍ വര്‍ധിപ്പിക്കാന്‍ പാടില്ലെന്നും അങ്ങനെ വര്‍ധിപ്പിക്കുന്നത് ബിദ്അത്തിന്റെ (അനാചാരം) പരിധിയില്‍ വരുമെന്ന അഭിപ്രായം ദുര്‍ബലമാണെന്നും മജ്മൂഉ ഫതാവാ വ റസാഇല്‍ ലി ഇബ്‌നി ഉഥൈമിന്‍ ഉദ്ധരിച്ച് ലേഖനം വ്യക്തമാക്കുന്നു.
1400 വര്‍ഷക്കാലമായി മക്ക, മദീന ഹറമുകളില്‍ തറാവീഹ് 20 റക്അത്താണ് നിസ്‌കരിക്കുന്നത്. ആദ്യകാലങ്ങളില്‍ തറാവീഹ് 20 റക്അത്താണെന്ന് മുജാഹിദ് വിഭാഗം അംഗീകരിച്ചിരുന്നു. 1950കളുടെ അന്ത്യത്തിലാണ് എട്ട് റക്്അത്താണെന്ന വാദം അവര്‍ ആരംഭിച്ചത്. പിന്നീട് എട്ടിന് തെളിവില്ലെന്ന് കണ്ടപ്പോള്‍ 11 ആണെന്ന് മാറ്റിപ്പറഞ്ഞു. പതിനൊന്ന് റക്അത്ത് വിത്‌റ് നിസ്‌കാരമാണെന്നത് ഹദീസുകളിലൂടെ തെളിഞ്ഞപ്പോള്‍ വിത്‌റ് തന്നെയാണ് തറാവീഹെന്ന് സലഫികള്‍ നിലപാട് മാറ്റിയിരുന്നു. 20 റക്അത്ത് തറാവീഹ് പ്രവാചകന്‍ നിസ്‌കരിച്ചതിന് തെളിവില്ലെന്നും 20 റക്അത്ത് നിസ്‌കരിക്കുന്നത് അനാചാരം ആണെന്നുമായിരുന്നു സലഫികളുടെ നിലപാട്. 20 റക്അത്ത് തറാവീഹ് നിസ്‌കരിക്കുന്നതില്‍ തെറ്റില്ലെന്ന മുജാഹിദ് വിഭാഗത്തിന്റെ പുതിയ നിലപാട് മുജാഹിദുകളിലെ മറ്റ് ഗ്രൂപ്പുകളിലും വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."