+1 അപേക്ഷ നല്‍കിയ ജില്ലയിലെ 39,602 പേര്‍ക്ക് സീറ്റില്ല
മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മുഖ്യ അലോട്ട്‌മെന്റ് അവസാനിച്ചപ്പോള്‍ ജില്ലയിലെ 39602 വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല. പത്താംക്ലാസ് ജയിച്ച 79506 വിദ്യാര്‍ഥികളാണ് മെറിറ്റു സീറ്റുകളില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കുന്നതിനായി ജില്ലയില്‍ അപേക്ഷ നല്‍കിയത്. ഇതില്‍ 39904 പേര്‍ക്കുള്ള പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമേ ജില്ലയിലുള്ളു. രണ്ടുഘട്ടങ്ങളിലായി നടന്ന മുഖ്യ അലോട്ട്‌മെന്റിന്റെ രണ്ടാം അലോട്ട്‌മെന്റ് പൂര്‍ത്തിയായതോടെ ജില്ലയില്‍ ഇനിയുള്ളതു വെറും 25 സീറ്റുകള്‍ മാത്രമാണ്. ഇതുവരെ ജില്ലയിലെ 39879 വിദ്യാര്‍ഥികള്‍ക്കാണു പ്രവേശനം ലഭിക്കുക.
പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ ഇന്നും നാളെയുമായാണു പ്രവേശനം നേടേണ്ടത്. നേരത്തെ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കു ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഇല്ലെന്നു സംസ്ഥാന ഹയര്‍ സെക്കന്‍ഡറി വിഭാഗം അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അലോട്ട്‌മെന്റ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികളും അതതു സ്‌കൂളുകളില്‍ ഫീസടച്ചു സ്ഥിരപ്രവേശനം നേടണം. ജൂണ്‍ 30നാണ് ഈ വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. മുഖ്യഘട്ടത്തില്‍ ഒന്നാം ഓപ്ഷന്‍ പ്രകാരം പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു സ്‌കൂള്‍ കോമ്പിനേഷന്‍ മാറ്റാന്‍ അവസരം ഉണ്ടായിരിക്കില്ല. മറ്റുള്ളവര്‍ക്കു സ്‌കൂളുകള്‍ മാറുന്നതിനോ കോംബിനേഷന്‍ മാറുന്നതിനോ ഉള്ള അവസരം ലഭിക്കും. ജൂണ്‍ 30 മുതല്‍ അഡ്മിഷന്‍ നേടിയ സ്‌കൂളുകളിലാണ് ഇതിന് അപേക്ഷിക്കേണ്ടത്. സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള നോട്ടിഫിക്കേഷനും ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും ഇതിനു മുമ്പ് പ്രസിദ്ധീകരിക്കും.
അലോട്ട്‌മെന്റ് ലഭിച്ച വിഭാഗം, എണ്ണം, ഒഴിവ്
ജനറല്‍: 28169(0), ഈഴവ, തിയ്യ, ബില്ലവ: 2495(0), മുസ്‌ലിം: 2047(0), എല്‍.എസ്.എ: 18(0), ക്രിസ്ത്യന്‍ ഒ.ബി.സി: 54(0), ഹിന്ദു ഒ.ബി.സി: 645(2), എസ്.സി: 5226(4), എസ്.ടി: 176(0), ഭിന്ന ശേഷി: 351(18), അന്ധ: 18(1), ഒ.ഇ.സി: 78(0),ദേവര, അനുബന്ധ വിഭാഗം: 3(0), വിശ്വകര്‍മ്മ: 532(0), കുശവന്‍: 67(0),
സപ്ലിമെന്ററി അലോട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍
നേരത്തെ അപേക്ഷ നല്‍കിയവരും അല്ലാത്തവരുമായ ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്.സ്‌കൂള്‍ കോമ്പിനേഷന്‍ മാറ്റത്തനു ശേഷമാണ് ഇവര്‍ക്ക് അവസരം ലഭിക്കുക. സപ്ലിമെന്ററി അലോട്ട്‌മെന്റനായുള്ള വേക്കന്‍സിയും നോട്ടിഫിക്കേഷനും ജൂലൈ എട്ടിനാണു പ്രസിദ്ധീകരിക്കുക. മുഖ്യ അലോട്ട്‌മെന്റില്‍ ബാക്കിയുള്ള 25 സീറ്റിനു പുറമേ രണ്ടാം അലോട്ട്‌മെന്റ് ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ പ്രവേശനം നേടാതെ ഒഴിവു വരുന്ന സീറ്റുകളിലേക്കും സപ്ലിമെന്ററി അലോട്ട്‌മെന്റ് വഴി അപേക്ഷ ക്ഷണിക്കും. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷ നല്‍കി സീറ്റു ലഭിക്കാത്ത ജില്ലയിലെ 39602 വിദ്യാര്‍ഥികള്‍ വീണ്ടും അപേക്ഷിച്ചാലെ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."