അങ്കണവാടികള്‍ക്കുള്ള കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചു
കോഴിക്കോട്: അങ്കണവാടികള്‍ക്കുള്ള കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചു. ഇതുവരെ സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്)യുടെ 90 ശതമാനം ഫണ്ടായിരുന്നു കേന്ദ്രം അനുവദിച്ചിരുന്നതെങ്കില്‍ ഇനി 75 ശതമാനം ഫണ്ടേ അനുവദിക്കൂ. പദ്ധതിയുടെ കീഴില്‍ വരുന്ന സംസ്ഥാനത്തെ 33,000 ഓളം വരുന്ന അങ്കണവാടികളുടെയും മറ്റ് ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്കുമുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും.
ഇതുവരെ 90 ശതമാനം ഫണ്ട് കേന്ദ്ര സര്‍ക്കാരും 10 ശതമാനം സംസ്ഥാന സര്‍ക്കാരുമായിരുന്നു വഹിച്ചിരുന്നത്. പദ്ധതി തുകയില്‍ 15 ശതമാനം കുറവു വരുന്നതോടെ കേരളത്തെയായിരിക്കും ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക.
ഐ.സി.ഡി.എസ് പദ്ധതികള്‍ ആരംഭകാലത്ത് 100 ശതമാനവും കേന്ദ്ര ഫണ്ട് കൊണ്ടായിരുന്നു നടപ്പാക്കിയിരുന്നത്. പിന്നീടാണ് 10 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന നിര്‍ദേശമുണ്ടായത്. സംസ്ഥാനത്ത് മികച്ച നിലയിലാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഐ.സി.ഡി.എസ് പ്രവര്‍ത്തിക്കുന്നത്.
ആറ് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാര പ്രായക്കാരായ കുട്ടികള്‍, 18നും 45 നു ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ക്ഷേമത്തിനും ആരോഗ്യത്തിനുള്ള പദ്ധതികളാണ് ഐ.സി.ഡി.എസ് മുഖേന നടപ്പാക്കുന്നത്. അംഗന്‍വാടികളില്‍ നാല് ലക്ഷത്തോളം കുട്ടികള്‍ പ്രീപ്രൈമറി വിദ്യാഭ്യാസം നേടുന്നുണ്ട്. ഒരു കുട്ടിക്ക് ശരാശരി നാലു രൂപയാണ് പദ്ധതി പ്രകാരം ഭക്ഷണത്തിന് മാത്രമായി ചെലവഴിക്കുന്നത്. ഇതിനായി തന്നെ ഒരു ദിവസം 16 ലക്ഷം രൂപയോളം ചെലവ് വരും. ഇതിന്റെ 25 ശതമാനം വഹിക്കേണ്ടത് ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരായിരിക്കും. ഇത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കാന്‍ ഇടയാക്കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."