ലോകത്തെ ഏറ്റവും വലിയ ഒട്ടക മേളക്ക് റിയാദില്‍ തുടക്കമായി
റിയാദ്: ലോകത്തെ ഏറ്റവും വലിയ ഒട്ടകമേളക്ക് റിയാദില്‍ തുടക്കമായി. അടുത്ത മാസം 15 വരെ നീണ്ടു നില്ക്കുന്ന പരിപാടി സഊദിയുടെ പൈതൃക ഉത്സവം കൂടിയാണ്. ഏറെ പ്രത്യേകതകളുള്ള കിങ് അബ്ദുല്‍ അസീസ് ഒട്ടകമേളക്ക് ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ പതിന്മടങ്ങു ഒട്ടകങ്ങളാണ് പങ്കെടുക്കുക. ഏകദേശം മുപ്പതിനായിരത്തിലധികം ഒട്ടകങ്ങളാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്. മാത്രമല്ല ഒന്നാം സ്ഥാന വിജയിയെ കാത്തിരിക്കുന്നത് 115 ദശലക്ഷം റിയാല്‍ സമ്മാനവുമാണ്.
സഊദി അറേബ്യയിലെ ഒട്ടകങ്ങള്‍ക്ക് പുറമെ, അയാല്‍ രാജ്യങ്ങളായ യു എ ഇ , കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇരുപതു ശതമാനത്തോളം ഒട്ടകങ്ങളും പങ്കെടുക്കുന്നുണ്ട്. രണ്ടു ദശലക്ഷത്തിലധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ഒട്ടകമേള ലോകത്തെ ഏറ്റവും വലിയ പൈതൃകോത്സവമായിരിക്കുമെന്നാണ് സംഘാടകരുടെ അവകാശം. ലോകത്തെ തന്നെ ഏറ്റവും വലിയ ദേശീയ ആഘോഷങ്ങളില്‍ ഒന്നാണ് ഇതെന്നും ഇവര്‍ അവകാശപ്പെടുന്നു.
മുന്‍ കാലങ്ങളില്‍ ഗോത്ര സംസ്കൃതിയുടെ ഭാഗമായ ഈ ഉത്സവം തെക്കന്‍ സഊദിയിലെ ഖഹ് താനി ഗോത്രങ്ങള്‍ക്കിടയില്‍ പുരാതന കാലം മുതല്‍ക്ക് തന്നെ നടന്നു പോരുന്നുണ്ട്. അല്‍ വാദ എന്ന വെള്ള ഒട്ടകം, അല്‍ ഷോള് എന്ന മഞ്ഞ ഒട്ടകം, അല്‍ സഫര്‍ എന്ന സ്വര്‍ണ്ണ ഒട്ടകം, അല്‍ മാജത്തിന് എന്ന ഇരുണ്ട ഒട്ടകം, ഇളം ചുവപ്പ് നിറമുള്ള അല്‍ ഹോമര്‍ , തവിട്ടു നിറമുള്ള ഒട്ടകങ്ങള്‍ എന്നിങ്ങനെ വിവിധയിനങ്ങളിലെ ഒട്ടകങ്ങള്ക്കായാണ് മത്സരം നടക്കുക. തലയുടെ വലിപ്പം, കഴുത്തിന്റെ നീളം, കണ്ണുകളുടെ വലിപ്പം, പുരികം, ചെവി എന്നിവയയുടെ സൗന്ദര്യം, നിറം, രീതി, എന്നിവ മാനദണ്ഡമാക്കിയാണ് മത്സരം അരങ്ങേറുക.
ഒട്ടക മത്സരങ്ങളോടനുബന്ധിച്ചു പരമ്പരാഗത നൃത്ത സംഗീത പരിപാടികള്‍, ചൊല്ലല്‍ മത്സരം, നാടന്‍ പാട്ടു മത്സരങ്ങള്‍, എന്നീ പരിപാടികളും ഒട്ടക ലേലം, ഒട്ടക പരേഡ് തുടങ്ങിയവയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."