ഭിന്നശേഷിക്കാര്‍ക്കായി ഉപകരണ നിര്‍മാണ കേന്ദ്രം: മരണപ്പെട്ട ഭിന്നശേഷിക്കാരുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളി
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രം തുടങ്ങുമെന്ന് മന്ത്രി കെ.കെ ശൈലജ.
ഇതോടൊപ്പം വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാകുന്ന ഷോറൂമുകള്‍ തുറക്കും. സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ വികലാംഗ കോര്‍പ്പറേഷനോ സാമൂഹ്യനീതി വകുപ്പോ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. മരണപ്പെട്ട ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ വായ്പാ കുടിശ്ശിക എഴുതിത്തള്ളി ജാമ്യരേഖകള്‍ തിരികെ നല്‍കുന്ന ആശ്വാസ് 2018 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ ഭാഗമായി 31 പേരുടെ കടം എഴുതിത്തള്ളി. ഇതിനായി 1.834 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. കുടിശ്ശിക വരുത്തിയ 212 ഗുണഭോക്താക്കളുടെ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി പലിശത്തുകയില്‍ 75 ശതമാനം ഇളവ് വരുത്തി ഒറ്റത്തവണ തീര്‍പ്പാക്കുന്നതുനുമുള്ള നടപടികള്‍ നടന്നുവരികയാണ്.
ഇതില്‍ കുടിശിക വരുത്തിയ 32 പേരുടെ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി പലിശത്തുകയില്‍ 75 ശതമാനം ഇളവ് വരുത്തി ഒറ്റത്തവണ തീര്‍പ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യം ഉടന്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. സാമൂഹ്യനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ.പരശുവയ്ക്കല്‍ മോഹന്‍, മാനേജിങ് ഡയരക്ടര്‍ കെ. മൊയ്തീന്‍കുട്ടി, ഡയരക്ടര്‍ ഒ. വിജയന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാഗോപാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."