സഊദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; 29 മുതല്‍ പ്രാബല്യത്തില്‍
ജിദ്ദ: സഊദിയില്‍നിന്ന് ശിക്ഷകള്‍ കൂടാതെ സ്വദേശങ്ങളിലേക്കു മടങ്ങുന്നതിന് വിദേശ നിയമ ലംഘകരെ അനുവദിക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചു.
ഈ മാസം 29 മുതലാണ് പൊതുമാപ്പ് പ്രാബല്യത്തില്‍ വരിക. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ നിര്‍ദേശാനുസരണമാണ് ജവാസാത്ത് ഡയറക്ടറേറ്റ് നിയമ ലംഘകരുടെ പദവി ശരിയാക്കുന്നതിനുള്ള കാമ്പയിന്‍ (പൊതുമാപ്പ്) പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികള്‍ അടക്കമുള്ള പതിനായിരക്കണക്കിന് നിയമലംഘകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പൊതുമാപ്പ് പ്രഖ്യാപനം. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍, ഉംറ വിസക്കാര്‍, സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കിയവര്‍ എന്നീ വിഭാഗങ്ങളില്‍പെട്ടവര്‍ക്കെല്ലാം പൊതുമാപ്പ് ആനുകൂല്യം ലഭിക്കും.
പിഴകളും ഫീസുകളും മറ്റു ശിക്ഷാ നടപടികളും കൂടാതെ ഇവര്‍ക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിനു സാധിക്കും. പൊതുമാപ്പ് പ്രഖ്യാപിച്ച് 90 ദിവസത്തിനകം സ്വമേധയാ രാജ്യം വിടുന്നവരെയാണ് ശിക്ഷാ നടപടികളില്‍നിന്ന് ഒഴിവാക്കുക.
വിസിറ്റ്, ഹജ്ജ്, ഉംറ വിസകളില്‍ സൗദിയില്‍ എത്തി വിസാ കാലാവധിക്കു ശേഷം അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ക്ക് എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളിലെ ജവാസാത്ത് കൗണ്ടറുകളില്‍നിന്നു ഫൈനല്‍ എക്‌സിറ്റ് നല്‍കും.
വിരലടയാളവും കണ്ണടയാളവും പരിശോധിച്ച് കേസുകളുമായും മറ്റും ബന്ധപ്പെട്ടു സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവരുന്നവരല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാകും നിയമ ലംഘകര്‍ക്ക് എക്‌സിറ്റ് നല്‍കുക.
ഇഖാമയുള്ളവരും തൊഴില്‍ വിസയില്‍ രാജ്യത്ത് പ്രവേശിച്ചവരും സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കിയവരും അതിര്‍ത്തി വഴി രാജ്യത്ത് നുഴഞ്ഞുകയറിയവരും എക്‌സിറ്റ് നടപടികള്‍ക്ക് അതത് പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകള്‍ക്കു കീഴിലെ വിദേശി വകുപ്പുകള്‍ വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്കു തിരിച്ചുപോകുന്നവരെ നാടുകടത്തിയവര്‍ എന്നോണം കരിമ്പട്ടികയില്‍ പെടുത്തില്ല. ഇതുമൂലം പുതിയ വിസയില്‍ സഊദിയില്‍ വീണ്ടും വരുന്നതിന് ഇവര്‍ക്ക് തടസ്സമുണ്ടാകില്ല. പൊതുമാപ്പ് നടപ്പാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നിയമ ലംഘകര്‍ക്കെതിരെ സുരക്ഷാ വകുപ്പുകള്‍ രാജ്യമെങ്ങും ശക്തമായ റെയ്ഡുകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. കേസുകളില്‍ പ്രതികളല്ലാത്ത മുഴുവന്‍ ഇഖാമ തൊഴില്‍ നിയമ ലംഘകര്‍ക്കും പൊതുമാപ്പ് അനുകൂല്യം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."