കുണ്ടറയില്‍ വീണ്ടും പൊലിസ് വീഴ്ച; ആത്മഹത്യയെന്നു പറഞ്ഞു തള്ളിയ കേസ് കൊലപാതകമെന്ന് തെളിഞ്ഞു
കൊല്ലം: രണ്ടുമാസം മുന്‍പ്് പൊലിസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ യുവതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുണ്ടറ പടപ്പക്കര കാട്ടുവിള പുത്തന്‍വീട്ടില്‍ ജോസ്ഫിനയുടെ മകന്‍ ഷാജി(36)യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ആശയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുണ്ടറയില്‍ പത്തുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കേസും പുനരന്വേഷണത്തിനെത്തിയത്. ഈ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കേസില്‍ ഒരാള്‍ കൂടി ഇനി പിടിയിലാകാനുള്ളതായാണ് സൂചന.
ജനുവരി 25ന് രാവിലെയാണ് ഷാജി ഭാര്യ ആശയുടെ പടപ്പക്കര എന്‍.എസ് നഗറിലുള്ള ആശാ ഭവനിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. നാട്ടുകാരാണ് ഈ വിവരം ഷാജിയുടെ മാതാവിനെ അറിയിച്ചത്. മാതാവും ബന്ധുക്കളും വീട്ടിലെത്തിയപ്പോള്‍ മൃതദേഹം വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നതായാണ് കണ്ടത്. തുണി മാറ്റി നോക്കിയപ്പോള്‍ മൃതദേഹത്തില്‍ മുറിവുകളും ചതവുകളും രക്തപ്പാടുകളും കണ്ടത് സംശയത്തിന് ഇടയാക്കി.
ഷാജി 24ന് വൈകിട്ട് അഞ്ചോടെ ഉറങ്ങാന്‍ കിടന്നതാണെന്നും രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ട്‌പോലും കതക് തുറന്നില്ലെന്നും പിറ്റേന്ന് രാവിലെ നോക്കിയപ്പോള്‍ ഷാജിയെ മരിച്ച നിലയിലാണ് കണ്ടതെന്നായിരുന്നു ആശയുടെ മറുപടി. തുടര്‍ന്ന് കുണ്ടറ പൊലിസ് നടപടികള്‍ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് സംസ്‌കരിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആശയെ പോലിസ് ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു മൊഴിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
മൃതദേഹ പരിശോധനയില്‍ ദേഹത്ത് കണ്ട മണ്ണും മുറിവുകളും ആശയുടെ ഒരു ബന്ധു അര്‍ധരാത്രിയില്‍ ആ വീട്ടിലെത്തി മടങ്ങിയെന്ന ആരോപണവുമൊക്കെയാണ് മരണത്തില്‍ ദുരൂഹതയുളവാക്കിയത്. മാത്രമല്ല ഷാജിയുടെ നാലു വയസുള്ള മകനില്‍ നിന്നും പൊലിസിന് ലഭിച്ച വിവരത്തില്‍ സംഭവ ദിവസം രാത്രിയില്‍ വീട്ടിലെത്തിയെന്ന് പറയുന്ന ആശയുടെ ബന്ധു ഷാജിയെ മര്‍ദിച്ചതായും പറയുന്നു.
കഴുത്തുഞെരിച്ചതിനെ തുടര്‍ന്നുള്ള മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള സി.ഐ ആര്‍. ഷാബുവും എസ്.ഐ രജീഷുമാണ് ഈ കേസും അന്വേഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."