HOME
DETAILS

നൂറ്റിപ്പതിനഞ്ചിനേക്കാള്‍ വലുതോ നൂറ്റിനാല്

  
backup
May 16 2018 | 22:05 PM

karnataka-issue-spm-editorial

അത്യന്തം നാടകീയമായ കാര്യങ്ങളാണ് ഇപ്പോള്‍ കര്‍ണാടകയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അന്തിമ വിജയം ആര്‍ക്ക് എന്ന് ഇപ്പോഴും വ്യക്തമല്ല. എന്തായാലും ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്ന കാര്യങ്ങളല്ല നടന്നുകൊണ്ടിരിക്കുന്നത്. ജനഹിതത്തിനു മേല്‍ പണാധിപത്യവും ജാത്യാധിപത്യവുമൊക്കെ അരങ്ങുവാഴുകയാണ് അവിടെ.
തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ നിയമങ്ങളില്ല. കാര്യങ്ങള്‍ ഗവര്‍ണറുടെ വിവേചനാധികാരത്തിന് വിടുന്നതാണ് കീഴ്‌വഴക്കം. അപ്പോഴും ജനഹിതവും ഭരണഘടനയുടെ അന്തസ്സത്തയും ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ഒറ്റയ്‌ക്കോ കൂട്ടായോ മന്ത്രിസഭയുണ്ടാക്കാന്‍ ഭൂരിപക്ഷം എം.എല്‍.എമാരുടേയും പട്ടികയുമായി വരുന്ന കക്ഷിയെയോ മുന്നണിയെയോ ക്ഷണിക്കുകയെന്നതാണ് ഗവര്‍ണര്‍മാര്‍ പൊതുവായി സ്വീകരിച്ചുവരുന്ന രീതി. അതല്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് അവസരം നല്‍കും. ഇവരില്‍ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സാവകാശം അനുവദിക്കാറുമുണ്ട്. ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നാല്‍ അവകാശവാദവുമായി വരുന്ന മറുപക്ഷത്തെ ക്ഷണിക്കുന്ന പതിവുമുണ്ട്. അവര്‍ക്ക് മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടുകയാണെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാം. ആര്‍ക്കും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ സഭ വിളിച്ചുകൂട്ടുക പോലും ചെയ്യാതെ പിരിച്ചുവിടുന്നതിന് ശുപാര്‍ശ ചെയ്യാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. 1965-ല്‍ കേരളത്തില്‍ സംഭവിച്ചത് അതാണ്.
ഗവര്‍ണറുടെ നിഷ്പക്ഷതയും ഭരണഘടനയോടുള്ള പ്രതിബദ്ധതയുമാണ് ഇവിടെ പ്രധാനം. അല്ലാതെ, വടക്കുനോക്കിയന്ത്രം പോലെ എപ്പോഴും ഇന്ദ്രപ്രസ്ഥം നോക്കി കാര്യങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സിടിയും. ഇപ്പോള്‍ തന്നെ മിക്ക സംസ്ഥാനങ്ങളിലേയും ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പടി കൂടി കടന്ന് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പുതുച്ചേരിയിലെ ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദിയും ഡല്‍ഹിയില്‍ മാറി മാറി വന്ന ലഫ്. ഗവര്‍ണര്‍മാരും രാജ്ഭവനില്‍ ഇരിക്കുന്നതുതന്നെ അതതിടങ്ങളിലെ ജനകീയ സര്‍ക്കാരുകളെ അട്ടിമറിക്കാനാണെന്ന് ആരോപിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.
ഇത്തരക്കാരുടെ വേഷവിധാനം എന്തായാലും അടിയിലുള്ള കാക്കി നിക്കര്‍ ഇടയ്ക്കിടെ പുറത്തുവരും എന്നത് അവരുടെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ സാക്ഷിയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലാതിരുന്നിട്ടുപോലും ഗോവയിലും മണിപ്പൂരിലും മേഘാലയയിലും മറ്റും ബി.ജെ.പിയെ മന്ത്രിസഭ രൂപീകരിക്കാന്‍ തുണച്ചത് ഇത്തരം കാവി നിറമുള്ള ഗവര്‍ണര്‍മാരാണ്. കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയില്‍ നിന്നു മറ്റൊരു സമീപനം പ്രതീക്ഷിക്കുക വയ്യ.
കര്‍ണാടക നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി 104 അംഗങ്ങളുള്ള ബി.ജെ.പിയാണെങ്കിലും കേവല ഭൂരിപക്ഷമായ 112 സീറ്റുകള്‍ അവര്‍ക്ക് തികയ്ക്കാനായിട്ടില്ല. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ ചെറു കക്ഷികളേയും സ്വതന്ത്രരേയും കൂട്ടുപിടിച്ചാണ് ഭൂരിപക്ഷം തികയ്ക്കുന്നത്. എന്നാല്‍, അവിടെ അതിന് യാതൊരു സാധ്യതയുമില്ല. 78 സീറ്റുള്ള കോണ്‍ഗ്രസും 37 അംഗങ്ങളുള്ള ജനതാദളും കഴിഞ്ഞാല്‍ രണ്ടു സ്വതന്ത്രന്മാര്‍ മാത്രമാണ് ജയച്ചുകയറിയത്. രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണ കൊണ്ടുമാത്രം മാന്ത്രികസംഖ്യയായ 112 തൊടാനാവില്ല. കോണ്‍ഗ്രസിനേയും ദളിനേയും പിളര്‍ത്താമെന്നുവച്ചാല്‍തന്നെ മറുകണ്ടം ചാടുന്നവര്‍ അയോഗ്യരാവും. ബി.ജെ.പിക്കു മുമ്പില്‍ ശേഷിക്കുന്ന ഏക വഴി കോണ്‍ഗ്രസിലേയും ജനതാദളിലേയും ഏതാനും പേരെ വിലക്കെടുത്തു രാജിവയ്പ്പിക്കുക എന്നതാണ്. 2008-ല്‍ കര്‍ണാടകയില്‍ അവര്‍ ചെയ്തതും അതാണ്.
ഇരു പാര്‍ട്ടിയിലേയും ഏഴു എം.എല്‍.എമാരെയാണ് അവര്‍ രാജിവയ്പിച്ചത്. ഇതില്‍ അഞ്ചു പേര്‍ ബി.ജെ.പി ടിക്കറ്റില്‍ പിന്നീട് ജയച്ചുകയറി. ഈ തന്ത്രം വീണ്ടും പയറ്റാനാണ് ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാരുടെ സഹായത്തോടെ ബി.ജെ.പി ശ്രമിക്കുന്നത്. 100 കോടി രൂപയാണ് ഒരു എം.എല്‍.എക്ക് ഇവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ബി.ജെ.പിക്ക് അധികാരത്തിലേറാന്‍ ജുഗുപ്‌സാവഹമായ ഈ മാര്‍ഗം മാത്രമേ മുമ്പിലുള്ളൂ. എന്നിട്ടും ബി.ജെ.പിയെ ഗവര്‍ണര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതാണ് വിചിത്രമായിട്ടുള്ളത്. അതേസമയം മറുപക്ഷത്ത് കോണ്‍ഗ്രസും ജനതാദളും ചേര്‍ന്ന് 115 പേരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. അത് ഗവര്‍ണര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല.
ഗുജറാത്തിലെ ബി.ജെ.പി മന്ത്രിസഭയില്‍ ധനമന്ത്രിയും സ്പീക്കറുമായിരുന്ന വാജുഭായിവാല കേന്ദ്ര ഭരണകക്ഷിയുടെ വാലായി മാറാതെ ജനാധിപത്യത്തിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കണം എന്നാണ് ജനങ്ങള്‍ക്ക് പറയാനുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago