റോക്ക് ആന്‍ഡ് റോള്‍ ഗായകന്‍ ചക് ബെറി അന്തരിച്ചു
മിസൗറി: അമേരിക്കന്‍ സംഗീതത്തില്‍ റോക്ക് ആന്‍ഡ് റോള്‍ സംഗീതത്തിന്റെ വസന്തം വിരിയിച്ച ലോക പ്രശസ്ത ഗായകന്‍ ചക് ബെറി അന്തരിച്ചു. 90 വയസായിരുന്നു. സെന്റ് ലൂയിസിലെ വെന്‍സ്‌വില്ലെയിലുള്ള വീട്ടിലായിരുന്നു അന്ത്യം.
1950കളില്‍ ലോകത്താകമാനമുള്ള യുവത്വത്തെ റോക്ക് ആന്‍ഡ് റോള്‍ സംഗീതത്തിലേക്ക് ആകര്‍ഷിച്ചത് ബെറിയുടെ ചടുലമായ ഗാനങ്ങളാണ്. മെയ്‌ബെല്ലെന്‍, റോള്‍ ഓവര്‍ ബീഥോവന്‍, റോക്ക് ആന്‍ഡ് റോള്‍ മ്യൂസിക്ക്, ജോണി ബി ഗൂഡി, എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങള്‍.
1926 ഒക്ടോബര്‍ 18ന് ആഫ്രിക്കന്‍-അമേരിക്കന്‍ മധ്യവര്‍ത്തി കുടുംബത്തിലായിരുന്നു ചാള്‍സ് എഡ്വേര്‍ഡ് ആന്റേഴ്‌സന്‍ ബെറി എന്ന ചക് ബെറിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ സംഗീതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച ബെറിയുടെ ഇഷ്ട സംഗീതോപകരണം ഗിറ്റാറായിരുന്നു.
ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ മോഷണത്തെ തുടര്‍ന്ന് മൂന്നു വര്‍ഷക്കാലം ജുവനൈല്‍ ഹോമിലായിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞത്. തടവു ജീവിതത്തിന് ശേഷം സംഗീത ലോകത്തേക്ക് മടങ്ങിയെത്തി. മെയ്‌ബെല്ലെന്‍ എന്ന ഗാനം 10 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. 1984ല്‍ സമഗ്രസംഭാവനയ്ക്ക് ഗ്രാമി അവാര്‍ഡ് ലഭിച്ചു.
റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ സംഗീതജ്ഞന്‍മാരിലൊരാളാണ് ബെറി. റോളിങ് സ്റ്റോണ്‍ മാഗസിന്റെ എക്കാലത്തെയും മികച്ച സംഗീതജ്ഞമാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് അദ്ദേഹത്തിന്. ബെറിയുടെ മരണത്തില്‍ ചലച്ചിത്രമേഖലയില്‍ നിന്നും സംഗീത ലോകത്തു നിന്നുമുള്ള നിരവധി പേര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."