ഏഷ്യയിലെ സുരക്ഷ അപകടകരമെന്ന് യു.എസ്
ബെയ്ജിങ്: അമേരിക്കയുമായി ചൈനയുടെ ബന്ധം കരുത്തുറ്റതും നേരായ ദിശയിലുള്ളതുമാകുമെന്ന് ചൈന. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി ബെയ്ജിങ്ങില്‍ ആദ്യ കൂടിക്കാഴ്ചക്കു ശേഷം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് റെക്‌സ് ടില്ലേഴ്‌സണ്‍ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബെയ്ജിങ്ങിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി.
കൂടിക്കാഴ്ചയ്ക്കു ശേഷം ഷീ ജിന്‍ പിങ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ സംസാരിച്ചു. ഉത്തര കൊറിയയുടെ ആണവഭീഷണിയെ കുറിച്ചുള്ള ചര്‍ച്ചയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തലുമാണ് ടില്ലേഴ്‌സന്റെ സന്ദര്‍ശന ലക്ഷ്യം. മേഖലയിലെ സുരക്ഷ അപകടകരമാം വിധത്തിലാണെന്ന് ടില്ലേഴ്‌സണ്‍ പറഞ്ഞു. ഏഴ് മിനുട്ട് നേരമാണ് ടില്ലേഴ്‌സണും ഷീ ജിന്‍ പിങ്ങും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യമന്ത്രിയും വാഷിങ്ടണില്‍ ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചിരുന്നു.
ഉത്തര കൊറിയയാണ് പ്രധാന അജണ്ടയെങ്കിലും ചൈന യു.എസിന് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന. ഉത്തര കൊറിയയുടെ കാര്യത്തില്‍ ഏതെങ്കിലും ഉടമ്പടികള്‍ നടത്തിയിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഉത്തര കൊറിയയുടെ പ്രകോപനം തടയുന്നതില്‍ അയല്‍രാജ്യമായ ചൈന ഒന്നും ചെയ്യില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഉ.കൊറിയയെ സഹായിക്കുന്നത് ചൈനയാണെന്ന നിലപാടാണ് യു.എസിനുള്ളത്. കഴിഞ്ഞ ദിവസം ഉത്തര കൊറിയക്കെതിരേയുള്ള സൈനിക നടപടി മേശപ്പുറത്താണെന്ന് ടില്ലേഴ്‌സണ്‍ ദ.കൊറിയ സന്ദര്‍ശിക്കവെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉ.കൊറിയന്‍ ഭീഷണിക്കെതിരേ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മാത്രമാണ് ടില്ലേഴ്‌സണ്‍ ചൈനയില്‍ പറഞ്ഞത്. 24 മണിക്കൂര്‍ നേരമാണ് ടില്ലേഴ്‌സണ്‍ ചൈനയില്‍ ചെലവഴിക്കുക. ചൈനയ്ക്ക് ശേഷം അദ്ദേഹം ജപ്പാനിലും സന്ദര്‍ശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."