മരച്ചീനികൃഷിയില്‍ മരതകം വിളയിച്ച് രാമചന്ദ്രന്‍
കാട്ടാക്കട: രാമേട്ടന്‍ ഉണ്ടെങ്കില്‍പിന്നെ വിളപ്പിലിലെ മരച്ചീനി വിളവെടുപ്പ് പൊന്‍വിളവെടുപ്പാകും. ഭീമന്‍ മരച്ചീനി രാമേട്ടനെന്ന എഴുപതുകാരന് ഒരു വികാരവും സമ്മാനിക്കുന്നില്ല. തന്റെ വിയര്‍പ്പില്‍ നിന്ന് ഭൂമിയും ദൈവവും തരുന്ന ഒന്ന് അതാണ് രാമേട്ടന്‍ പറയുന്നത്. ഒരു മൂട്ടില്‍ നിന്ന് 150 കിലോ മരച്ചീനി. മരച്ചീനികളില്‍ സുമോ ഇനത്തില്‍പെട്ട കമ്പുകള്‍ നട്ടുനനച്ചാണ് വിളപ്പില്‍ പേയാട് ചെറുകോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ കൃഷിയില്‍ വിജയഗാഥ രചിക്കുന്നത്. രാമേട്ടന്‍ നട്ടാല്‍ മരച്ചീനി പരിധി മറന്ന് വിളവ് നല്‍കുമെന്നൊരു നാട്ടുചൊല്ലുണ്ട് വിളപ്പിലില്‍. മണ്ണിനെ ജൈവ സമൃദ്ധമാക്കി കൃഷിയിറക്കിയാല്‍ നൂറുമേനി കൊയ്യാമെന്നാണ് രാമേട്ടന്റെ സിദ്ധാന്തം.
സ്വന്തം പറമ്പില്‍ വലിയ മണ്‍കൂനകളൊരുക്കി ഭീമന്‍ മരച്ചീനി പിഴുതെടുക്കുന്ന രാമചന്ദ്രന്റെ പെരുമയറിഞ്ഞ് നിയമസഭാ വളപ്പിലും കൃഷിമന്ത്രിയുടെ ഔദ്ധ്യോഗിക വസതിയിലും കൃഷിയുടെ ചുമതല ഈ കര്‍ഷകന് നല്‍കിയിട്ടുണ്ട്. ഇവിടെയും മണ്ണില്‍ പൊന്നുവിളയിച്ച് രാമേട്ടന്‍ മാജിക് ആവര്‍ത്തിച്ചു. മരച്ചീനിക്ക് പുറമെ വെണ്ട, പയര്‍, കത്തിരി, ചീര, പടവലം എന്നിവയൊക്കെ നിയമസഭയിലും മന്ത്രി മന്ദിരത്തിലും രാമേട്ടന്‍ കൃഷിയിറക്കി.
സ്പീക്കറും മന്ത്രിയും ഇപ്പോള്‍ അത്ഭുതം കൂറുകയാണ് വിളപ്പില്‍ശാലക്കാരന്റെ കൃഷി രീതികള്‍ കണ്ട്. സാധാരണയായി സുമോ ഇനത്തില്‍പെട്ട മരച്ചീനി ഒരു മൂട്ടില്‍നിന്ന് 60 മുതല്‍ 80 കിലോ മരച്ചീനി വരെയാണ് ലഭിക്കുക. അതും നല്ല പരിചരണവും വളക്കൂറുള്ള മണ്ണുമായാല്‍ മാത്രം. ഈ പരിധിയാണ് സുമോ രാമേട്ടനു മുന്നില്‍ തെറ്റിക്കുന്നത്. നൂറു കിലോയില്‍ കുറഞ്ഞ വിളവ് രാമേട്ടന്റെ കൃഷിഭൂമിയില്‍ ഇതേവരെ ഉണ്ടായിട്ടില്ല.
മണ്ണ് കിളച്ചുമറിച്ച്, ഭീമാകാരമായ കൂമ്പാരം കൂട്ടി, 12 സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്ത മരച്ചീനികമ്പ് നടും. പച്ചില കമ്പോസ്റ്റ്, ചാണകം, കോഴിയുടെ കാഷ്ടം ഇവയൊക്കെ അടിവളമായി ഉപയോഗിക്കും. മണ്‍കൂനയുടെ വലിപ്പം കൂടുന്നതിന് അനുസൃതമായി കിഴങ്ങുകള്‍ക്ക് നീളവും വണ്ണവും കൂടുമെന്ന് രാമേട്ടന്‍. ആധുനിക കൃഷി രീതികളോടും രാസവള പ്രയോഗങ്ങളോടും രാമേട്ടന് താല്‍പ്പര്യമില്ല.
പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ പിറന്നയാളാണ് രാമചന്ദ്രന്‍. പത്തു വയസുമുതല്‍ മണ്ണറിഞ്ഞ് ജൈവ കൃഷി ചെയ്തുവരുന്ന തന്നെ ഇന്നേവരെ മണ്ണ് ചതിച്ചിട്ടില്ലെന്ന് രാമേട്ടന്‍ തെല്ല് അഭിമാനത്തോടെ പറയുന്നു. രാമേട്ടന്റെ രണ്ട് ആണ്മക്കള്‍ക്കും കൃഷിയോട് താല്‍പ്പര്യമില്ല. അതുകൊണ്ടു തന്നെ തന്നില്‍ അവസാനിക്കും ഈ കാര്‍ഷിക പാരമ്പര്യമെന്ന സങ്കടമുണ്ട് രാമേട്ടന്. 2013 ല്‍ മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ രാമേട്ടനെ തേടിയെത്തിയിട്ടുണ്ട്.
പുതിയ തലമുറ കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കണം. വിഷമില്ലാത്ത പച്ചക്കറി മലയാളികളുടെ അടുക്കളയില്‍ നിറഞ്ഞ പഴയ കാലം ആവര്‍ത്തിക്കണം എന്നിവയൊക്കെയാണ് രാമേട്ടനെന്ന ഗ്രാമീണ കര്‍ഷകന്റെ സ്വപ്നങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."