അഴിയൂര്‍ ബൈപ്പാസ്: കര്‍മ സമിതി പ്രവര്‍ത്തകര്‍ യോഗം ബഹിഷ്‌കരിച്ചു
വടകര: നിര്‍ദിഷ്ട അഴിയൂര്‍-മാഹി ബൈപ്പാസില്‍ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകളുടെ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ റവന്യു വിഭാഗം വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് കര്‍മ സമിതി നേതാക്കളും പ്രവര്‍ത്തകരും ഇറങ്ങിപ്പോയി. ബുധനാഴ്ച്ച വടകര ലാന്‍ഡ് അക്വസിഷന്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടറും സ്ഥലം എം.എല്‍.എ സി.കെ നാണുവും പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.
ബൈപ്പാസില്‍ അഴിയൂര്‍ ഭാഗത്തെ സ്ഥലവും വീടും നഷ്ടപ്പെടുന്നവര്‍ക്കാണ് യോഗത്തിന് അറിയിപ്പ് ലഭിച്ചത്്. എം.എല്‍.എയും കലക്ടറുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്ന് കുടിയൊഴിപ്പിക്കുന്നവരെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ യോഗത്തിനെത്തിയപ്പോഴാണ് ഇവരൊന്നും പങ്കെടുക്കുന്നില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് ലാന്‍ഡ് അക്വസിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥരും കര്‍മസമിതി പ്രവര്‍ത്തകരും തമ്മില്‍ ഏതാനും സമയം വാക്കേറ്റം നടന്നു.
യോഗം പ്രഹസനമാക്കി മാറ്റിയതായും മാര്‍ക്കറ്റ് വിലയും പുരധിവാസവും ഉറപ്പാക്കാതെ ഒരുകാരണവശാലും വീടും സ്ഥലവും വിട്ടുതരില്ലെന്നും ബൈപ്പാസ് കര്‍മസമിതി നേതാക്കളായ ആയിഷ ഉമ്മര്‍, രാജേഷ് അഴിയൂര്‍, കെ.പി ഫര്‍സല്‍, എം. റാസിഖ് എന്നിവര്‍ പറഞ്ഞു. തഹസില്‍ദാര്‍ ടി.കെ സതീഷ് കുമാര്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം റവന്യു ഉദ്യോഗസ്ഥസംഘം അഴിയൂര്‍ ബൈപ്പാസില്‍ സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെ വീടുകള്‍ കയറി ഭീഷണി മുഴക്കിയതായി വ്യാപക പരാതിയുയര്‍ന്നതിനാലാണ് യോഗം വിളിച്ചത്.
സമരം ശക്തമാക്കുമെന്ന് കര്‍മസമിതി നേതാക്കള്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് കര്‍മ സമിതി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി.കെ നാണു അധ്യക്ഷനായി. എ.ടി മഹേഷ്, പ്രദീപ് ചോമ്പാല, പി.കെ കുഞ്ഞിരാമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."