കോട്ടമലയില്‍ മിച്ചഭൂമി പാറമട മാഫിയ കൈവശപ്പെടുത്തി പരിശോധനയ്‌ക്കൊരുങ്ങി റവന്യൂ വകുപ്പ്
പാലാ: കോട്ടമലയില്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് കൈമാറിയതെന്ന് രേഖകളിലുള്ള ഭൂമി പാറമട മാഫിയക്ക് അനധികൃതമായി കൈമാറിയത് സംബന്ധിച്ച് റവന്യൂ വകുപ്പ് അന്വേക്ഷണം നടത്തും.
ലാന്റ് റിഫോംസ് ഡപ്യൂട്ടി കലക്ടറാണ് മീനച്ചില്‍ തഹസില്‍ദാര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുക്കുന്നത്. പ്രാഥമിക നടപടി എന്ന നിലയില്‍ മിച്ചഭൂമി കേസുകളിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാര്‍ പുറമ്പോക്ക് പ്രത്യേകമായി തിരിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കണമെന്നും മീനച്ചില്‍ തഹസില്‍ദാര്‍ക്ക് നിദേശമുണ്ട്.
സര്‍ക്കാര്‍ മിച്ചഭൂമി ഉള്‍പ്പെടുത്തിയാണ് വസ്തുവിന്റെ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തിയാല്‍ 2012ലെ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം ആധാരങ്ങള്‍ റദാക്കാന്‍ ശുപാര്‍ശ ചെയ്യും. ആധാരങ്ങള്‍ പരിശോധിച്ച് മിച്ചഭൂമി പാറമട ലോബി വാങ്ങിക്കൂട്ടിയ സ്ഥലങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തും.
സ്ഥലത്തിന്റെ മുന്‍ ഉടമകളുടെ വസ്തുക്കള്‍ സംബന്ധിച്ച് രേഖകള്‍ വിശദമായി പരിശോധിക്കും. ഏറ്റെടുത്ത മിച്ചഭൂമി സ്വീകരിച്ച 70 പേരുടെ മേല്‍വിലാസത്തില്‍ നോട്ടീസ് അയച്ച് വിചാരണ നടത്തിതിനുശേഷം വസ്തുവില്‍ സ്ഥിര കൈവശമില്ലാത്ത കക്ഷികളുടെ പട്ടയം റദ് ചെയ്യുന്നതിന് നടപടികള്‍ തുടങ്ങും.
കോട്ടമലയിലെ 71.60 ഹെക്ടര്‍ സ്ഥലം 70 ആളുകളുടെ പേര്‍ഉള്‍പ്പെടുത്തി 982 എന്ന തണ്ടപ്പേരില്‍ ചേര്‍ത്തിട്ടുള്ളതായി പരാതിയുയര്‍ന്നിരുന്നു.
റീസര്‍വ്വേ പ്രകാരം കൂട്ടു തണ്ടപ്പേരില്‍ കിടക്കുന്ന വസ്തുസംബന്ധിച്ച് വ്യക്തമായ സ്ഥല പരിശോധന നടത്താതെ ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാതെയുമാണ് വസ്തുവിന്റെ അതിരുകള്‍ നിര്‍ണ്ണയിച്ച് പോക്കുവരവ് ചെയ്തിട്ടുള്ളതെന്ന് വ്യാപക പരാതിയുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സംബന്ധിച്ചും അന്വേക്ഷണം നടത്തും.
മിച്ച ഭൂമി ഏറ്റെടുത്തവര്‍ക്ക് മറ്റുള്ളവരുടെ പേരില്‍ പ്രത്യേകമായി മിച്ചഭൂമി ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. സമരസമിതി നേതാവ് സി.ടി.രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേക്ഷണം നടത്തുന്നത്.
ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം കോട്ടയം കലക്ട്രേറ്റില്‍ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."