ഭക്ഷ്യസുരക്ഷാ മാതൃകാ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം
അടിമാലി: ഭക്ഷ്യസുരക്ഷാ മാതൃകാ പദ്ധതിയ്ക്ക് അടിമാലിയില്‍ തുടക്കം കുറിച്ചു. അടിമാലി, മുട്ടം, പീരുമേട് ഗ്രാമപഞ്ചായത്തുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ജില്ലാ ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതില്‍ അടിമാലി ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള പ്രഖ്യാപനവും റാലിയും നടന്നു.
ഗ്രാമപഞ്ചായത്ത് മൈതാനിയില്‍ നിന്നും ആരംഭിച്ച വിളംബര റാലി ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ് ഫ്ളാഗ്ഓഫ് ചെയ്തു. വ്യാപാരികള്‍, അംഗന്‍വാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍, ക്യാന്റീന്, ഹോട്ടല്‍ ജീവനക്കാര്‍, വിവിധ കമ്പിനി തൊഴിലാളികള്‍ തുടങ്ങിയവര്‍ വിവിധ സന്ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളുമായി റാലിയില്‍ അണിനിരന്നു.
തുടര്‍ന്ന് ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും മാതൃകാ പഞ്ചായത്ത് പദ്ധതി പ്രഖ്യാപനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി നിര്‍വഹിച്ചു. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ജി. ഗംഗാഭായി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.എസ്. സിയാദ്, മേരി യാക്കോബ്, ദീപ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ 'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം' എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മൂന്നു പഞ്ചായത്തുകളെയാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഇന്ന് പീരുമേട്ടിലും, നാളെ മുട്ടം ഗ്രാമപഞ്ചായത്തിലും വിളംബര റാലി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."