ചാനിയംകടവ്-പേരാമ്പ്ര റോഡ് പ്രവൃത്തിയില്‍ ക്രമക്കേടെന്ന് ആരോപണം
പേരാമ്പ്ര: കിഫ്ബി ഫണ്ടുപയോഗിച്ച് 24 കോടി രൂപ എസ്റ്റിമേറ്റില്‍ പ്രവൃത്തി ആരംഭിച്ച പേരാമ്പ്ര -ചാനിയംകടവ് റോഡിന്റെ നിര്‍മാണത്തില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. പ്രവൃത്തിയുടെ ഭാഗമായ ഡ്രൈനേജ് കോണ്‍ക്രീറ്റ് ചെയ്ത ഭാഗം കഴിഞ്ഞ ദിവസം മുയിപ്പോത്ത് വായാട്ട്മുക്കില്‍ തകര്‍ന്ന് വീണപ്പോഴാണ് റോഡ് പ്രവൃത്തിയിലെ അപാകത നാട്ടുകാര്‍ക്ക് മനസിലായത്.
ചാനിയം കടവ് മുതല്‍ പേരാമ്പ്ര വരെ ഒന്‍പത് കിലോമീറ്റര്‍ ദൂരത്തിലുളള ജോലിക്കാണ് 24 കോടിയുടെ കരാര്‍ നല്‍കിയത്.
ഗോവ ആസ്ഥാനമായ ബാബ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. റോഡില്‍ ഇരു ഭാഗത്തും ഡ്രൈനേജും എരവട്ടൂര്‍, വളയിലോട്ട്കാവ്, പനച്ചുവട് ഭാഗത്തെ റോഡിന്റെ കയറ്റം കുറച്ചുമാണ് നിര്‍മാണം നടത്തേണ്ടത്. എന്നാല്‍ കയറ്റം കുറയ്ക്കുകയോ ഡ്രൈനേജ് നിര്‍മാണം കാര്യക്ഷമമാക്കുകയോ ചെയ്യാതെയാണ് പ്രവൃത്തിയെന്നാണ് ആരോപണം.
പി.ഡബ്ല്യൂ.ഡി ഓവര്‍സിയര്‍മാരോ എന്‍ജിനിയര്‍മാരോ സ്ഥലത്തില്ലാത്ത അവസ്ഥയും ഉണ്ടെന്നും പ്രവൃത്തിയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചപ്പോള്‍ കരാറുകാര്‍ നാട്ടുകാരോട് തട്ടിക്കയറിയെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഡ്രൈനേജ് തകര്‍ന്നു വീണ ഭാഗത്ത് മാറ്റി കോണ്‍ക്രീറ്റ് ചെയ്യാന്‍ തകൃതിയായ നീക്കം നടക്കുന്നുണ്ട്. റോഡിന്റെ വീതി കൂട്ടുന്നതിലും രാഷ്ട്രീയ സ്വാധീനത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."