ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷന്‍; ജനകീയസമരം വരുന്നു
ഷൊര്‍ണൂര്‍: ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷന്‍ തുറക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷൊര്‍ണൂരില്‍ ജനകീയസമരം വരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുള്ള സമരമാണ് അണിയറയില്‍ രൂപംകൊള്ളുന്നത്.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഭാരതപ്പുഴ സ്റ്റേഷന്‍ മാത്രമായി അടച്ചുപൂട്ടിയതിനെതിരേ മുമ്പുതന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
സ്റ്റേഷന്‍ തുറക്കുന്നതിനു നടപടിയെടുക്കുമെന്ന് റെയില്‍വേ അന്നു ഉറപ്പുനല്കിയിരുന്നു. ഈ റെയില്‍വേ സ്റ്റേഷന്‍ തുറക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നപക്ഷം യാത്രക്കാരുടെ വര്‍ധനയുണ്ടാകുമെന്നു മാത്രമല്ല വലിയ സാധ്യതകളും ഇതുവഴിയുണ്ടാകുമെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.
ട്രെയിനുകള്‍ യഥാസമയം ലക്ഷ്യസ്ഥാനത്തെത്തുന്നതിനും ഷൊര്‍ണൂരിലെ തിരക്ക് പരിഹരിക്കുന്നതിനും ഇതു പ്രയോജനപ്പെടും. ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷന്‍ തുറക്കുന്നതിനോട് റെയില്‍വേയ്ക്കും അനുകൂല നിലപാടുകളാണുള്ളതെന്നാണ് സൂചന.
ഷൊര്‍ണൂര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷന്‍ തുറക്കുന്നതോടെ പരിഹരിക്കുന്നതിനു സാഹചര്യമൊരുങ്ങുമെന്നാണ് റെയില്‍വേ അധികൃതര്‍ കരുതുന്നത്. ഇങ്ങനെ വന്നാല്‍ ആറു ദീര്‍ഘദൂര ട്രെയിനുകള്‍ കൂടി ഷൊര്‍ണൂരിനെ ഒഴിവാക്കിയാകും തുടര്‍യാത്ര നടത്തുക.
ദീര്‍ഘദൂര ട്രെയിനുകളെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പ്രവേശിപ്പിക്കാതെ വഴി തിരിച്ചുവിടുകയെന്ന പദ്ധതിയാണ് ഇവര്‍ ആലോചിക്കുന്നത്. ഇങ്ങനെ വന്നാല്‍ ബൊക്കാറോ, ഗോരഖ്പൂര്‍-തിരുവനന്തപുരം, കോര്‍ബ-തിരുവനന്തപുരം, ഇന്‍ഡോര്‍ എക്‌സ്പ്രസ്, ബിലാസ്പൂര്‍- കൊച്ചിന്‍, ഹൈദരാബാദ്- തിരുവനന്തപുരം ട്രെയിനുകളാണ് ഷൊര്‍ണൂര്‍ സ്റ്റേഷന്‍ തൊടാതെ കടന്നുപോകുക.
റെയില്‍വേ ഉന്നതരെ ഇത്തരമൊരു ചിന്തയ്ക്ക് പ്രധാനമായും പ്രേരിപ്പിക്കുന്നത് സ്റ്റേഷനിലെത്തി ട്രെയിന്‍ എന്‍ജിന്‍ മാറ്റി ഘടിപ്പിക്കുന്നതിനാവശ്യമായി വരുന്ന സമയനഷ്ടവും ഈ സമയത്ത് സ്റ്റേഷനിലെത്തുന്ന മറ്റു ട്രെയിനുകള്‍ ട്രാക്കില്ലാത്തതിനാല്‍ പുറത്തുനിര്‍ത്തേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ്.
ദീര്‍ഘദൂര ട്രെയിനുകളെ വഴി തിരിച്ചുവിടുന്നപക്ഷം ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നിലവില്‍ ഏഴു ട്രാക്കുകള്‍ ഉണ്ടെങ്കിലും പലതിലും ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പ്രവേശിക്കാനാകില്ല. പ്ലാറ്റ്‌ഫോമിന് വേണ്ടത്ര നീളമില്ലാത്തതാണ് ഇതിനു കാരണം. ഇതിനാല്‍ രാവിലെയെത്തുന്ന ട്രെയിനുകളില്‍ പലതും ഇരുപതുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈകിയാണ് ഷൊര്‍ണൂര്‍ വിടുന്നത്.
ഇതുമൂലം ദീര്‍ഘദൂര യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ക്കു പരിഹാരമായി സ്റ്റേഷനില്‍ പ്രവേശിക്കാതെ നേരിട്ട് കിഴക്കോട്ടും തെക്കോട്ടും പോകാവുന്ന രീതിയിലാണ് ക്രമീകരണം. ട്രെയിനുകള്‍ തിരിച്ചുവിടുന്നതിനു മുന്നോടിയായി പ്രവര്‍ത്തനം നിര്‍ത്തിയ ഭാരതപ്പുഴ സ്റ്റേഷന്‍ പുനരാരംഭിച്ചേ മതിയാകൂ.
പത്തുവര്‍ഷംമുമ്പാണ് ഭാരതപ്പുഴ സ്റ്റേഷന്‍ നിര്‍ത്തിയത്. ഒരു പാസഞ്ചര്‍ ട്രെയിനും എക്‌സ്പ്രസും ഉള്‍പ്പെടെ രണ്ടു ട്രെയിനുകള്‍ക്ക് മാത്രം സ്റ്റോപ്പുണ്ടായിരുന്ന ഈ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്ന് സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്.രണ്ടു ലൂപ് ലൈനുകളും പ്ലാറ്റുഫോമുകളും നിര്‍മിച്ച് സൗകര്യം വര്‍ധിപ്പിച്ചാല്‍ ഇവിടത്തെ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."