വൈദ്യുതിയില്ലാതെ പതിനായിരത്തിലധികം വീടുകള്‍: പ്രക്ഷോഭത്തിനൊരുങ്ങി മണ്ണവകാശ സംരക്ഷണ സമിതി
ഗൂഡല്ലൂര്‍: 1960 മുതല്‍ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനും 2004 മുതല്‍ വൈദ്യുതി ലഭിക്കുന്നതിനുമായി സമരങ്ങള്‍ നടത്തുന്ന ഗൂഡല്ലൂരിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി മണ്ണവകാശ സംരക്ഷണ സമിതി.
വൈദ്യുതി ലഭ്യമാക്കാന്‍ പ്രക്ഷോഭം ശക്തമാക്കാന്‍ സമിതി തീരുമാനിച്ചു. കര്‍ഷകരുടെ ഭൂമി ടി.എന്‍.പി.പി.എഫ് ആക്ടില്‍ ഉള്‍പ്പെടുത്തി വില്‍ക്കാനും വാങ്ങാനും പറ്റാത്ത രീതിയിലാക്കിയിരിക്കുകയാണ്. ഇതിനെതിരേ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടും ബന്ധപ്പെട്ട അധികൃതര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമെടുക്കുന്നില്ലെന്നും കര്‍ഷകരെ കള്ളകേസില്‍ കുടുക്കി സമരവീര്യം തകര്‍ക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും സമിതി കുറ്റപ്പെടുത്തി.
നാട്ടുകാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയാണെന്നും യോഗം ആരോപിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് ഈമാസം 12, 13 തിയതികളില്‍ സമിതി രാപകല്‍ ധര്‍ണ പ്രഖ്യാപിച്ചിരുന്നു. അതിന് മുന്നോടിയായി 160 കിലോമീറ്റര്‍ ദൂരത്തില്‍ ആറ് ദിവസത്തെ പദയാത്രയും ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ പദയാത്രക്ക് പൊലിസ് അനുവാദം നല്‍കിയില്ല.
ഗൂഡല്ലൂര്‍ നിയോജക മണ്ഡലത്തില്‍ പതിനായിരത്തിലധികം വീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. ഇത് വിദ്യാര്‍ഥികളുടെ പഠനത്തെ പോലും ബാധിക്കുന്നുണ്ട്.
ഈ സാഹചര്യചത്തിലാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. ഗൂഡല്ലൂരിലെ സെക്ഷന്‍ 17-53 ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനും വൈദ്യുതി നല്‍കുന്നതിനും തമിഴ്‌നാട് നിയമസഭയില്‍ പുതിയ നിയമനിര്‍മാണം കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി തയാറാകണം.
ജനാധിപത്യരീതിയില്‍ ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ സമരം ചെയ്ത മണ്ണവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകരെ സമര പന്തലിലെത്തി അറസ്റ്റു ചെയ്തു കൊണ്ടുപോയ നടപടി അപലപനീയമാണമെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനമെന്നും സമിതി കണ്‍വീനര്‍ എന്‍. വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."