വല്ല്യുമ്മയുടെ കൊല; മുന്‍ കേസും ആത്മഹത്യ കുറിപ്പും വിനയായി
മണ്ണാര്‍ക്കാട്: നബീസയുടെ കൊലപാതകത്തിന്റെ കേസന്വേഷണത്തിലും പ്രതികളെ മണിക്കൂറുകള്‍ക്കകം വലയിലാക്കിയതും കേസന്വേഷണ സംഘത്തിലെ എസ്.ഐയുടെ മുന്‍ പരിചയം. 2015 മാര്‍ച്ചില്‍ ഭര്‍തൃ പിതാവിന് വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച കേസ് അന്വഷിച്ചിരുന്ന അന്നത്തെ ശ്രീകൃഷ്ണപുരം എസ്.ഐ മുരളീധരന്‍ ഇപ്പോള്‍ നാട്ടുകല്‍ പൊലിസ് സ്റ്റേഷന്‍ എസ്.ഐയും കേസന്വേഷണ സംഘത്തിലെ അംഗവുമായിരുന്നു.
പ്രതികളുടെ കുടുംബത്തിലെ മുന്‍കലഹങ്ങള്‍ സംബന്ധിച്ച് എസ്.ഐയ്ക്ക് അറിയാവുന്നതാണ് കേസിന് വളരെ പെട്ടെന്ന് തുമ്പുണ്ടാവുകയും പ്രതികള്‍ അകത്താവുകയും ചെയ്തത്.
കൂടാതെ മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ആത്മാഹത്യ കുറിപ്പും മൊബൈല്‍ കേന്ദ്രീകരിച്ചുളള അന്വേഷണവും പ്രതികളെ പിടികൂടല്‍ എളുപ്പത്തിലാക്കി. ക്രിമിനല്‍ സ്വഭാവത്തിന്റെ പേരില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ഭാര്യക്കൊപ്പം സ്വന്തം വീട്ടിലേക്ക് തിരിച്ചുകയറാന്‍ വല്ല്യുമ്മയെ കരുവാക്കാനുളള തന്ത്രമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
സംഭവത്തിലെ ഒന്നാം പ്രതിയായ ബഷീര്‍ കൊല്ലപ്പെട്ട നബീസയുടെ മകളായ ഫാത്തിമയുടെ മകനാണ്. ഇവരുടെ കുടുംബത്തില്‍ ബഷീറിന്റെ ഭാര്യയായ കേസിലെ രണ്ടാം പ്രതി ഫസീലയുടെ ക്രിമിനല്‍ സ്വഭാവം സംബന്ധിച്ച് പ്രശ്‌നം നിലനിന്നിരുന്നു.
ബഷീറിന്റെ പിതാവ് മുഹമ്മദിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസ് ഫസീലക്കെതിരെ ശ്രീകൃഷ്ണപുരം പൊലിസ് സ്റ്റേഷനില്‍ നിലവിലുണ്ട്. ബഷീറിന്റെ മാതാവ് ഫാത്തിമ മരണപ്പെട്ടതും സമാന രീതിയിലാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
കൂടാതെ വീട്ടില്‍ നിന്ന് 43 പവന്‍ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു ദുരൂഹത നിലിനില്‍ക്കുന്നുണ്ട്. ഈ സംഭവങ്ങളില്‍ ഫസീലയെയാണ് സംശയിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഫസീലയെ വീട്ടില്‍ നിന്ന് പുറത്താക്കുകയും പിന്നീട് കണ്ടമംഗലത്തെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
സഊദിയിലെ ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബഷീര്‍ മെയ് 12ന് നാട്ടിലെത്തി ഈ മാസവസാനം തിരിച്ചുപോവാനിരിക്കുകയായിരുന്നു.
നാട്ടിലെത്തിയ ബഷീര്‍ ഭാര്യയുമൊത്ത് കുന്തിപ്പുഴയിലെ നമ്പിയംകുന്നില്‍ താമസമാക്കുകയായിരുന്നു. ഇവര്‍ക്ക് തിരിച്ച് വീട്ടില്‍ കയറാന്‍ വീട്ടിലുണ്ടായ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം വല്ല്യുമ്മയായ നബീസയുടെ തലയില്‍ കെട്ടിവെക്കാനുളള തന്ത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
നബീസയെ തന്ത്രപൂര്‍വ്വം പ്രതികള്‍ ഇവരുടെ കുന്തിപ്പുഴ നമ്പിയംകുന്നിലെ വാടക വീട്ടിലെത്തിച്ച് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തും, ബലം പ്രയോഗിച്ച് വിഷം കൊടുത്തും കൊല്ലുകയായിരുന്നു.
നൊട്ടമലയിലെ ബന്ധുവീട്ടില്‍ ചൊവ്വാഴ്ച നോമ്പ് തുറന്ന് ബുധനാഴ്ച രാവിലെ സ്വന്തം വീട്ടിലേക്ക് തിരിച്ച നബീസയെ ഫോണില്‍ വിളിച്ച് ബസില്‍ നിന്നും കുന്തിപ്പുഴയില്‍ ഇറക്കി ബഷീര്‍ വാടകക്ക് എടുത്ത കാറില്‍ കയറ്റി നമ്പിയംകുന്നിലെ വീട്ടില്‍ എത്തിച്ചത്. നബീസയുടെ ഫോണ്‍ ബഷീര്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു.
കൊലപാതകം നടത്തി ബഷീര്‍ തന്നെയാണ് തോട്ടരയിലെ വീട്ടിലെത്തി ബന്ധുക്കളേയും കൂട്ടി നബീസയെ കാണാനില്ലെന്ന പരാതി ശ്രീകൃഷ്ണപുരം പൊലിസില്‍ നല്‍കിയത്. ഈ സമയത്ത് മൃതദേഹം ബഷീറിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പിന്നീട് മൃതദേഹം റോഡരികില്‍ കണ്ടെത്തിയ സമയത്തും ആളെ തിരിച്ചറിയുന്നതിനും പൊലിസില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കുന്നതിനും മുന്നില്‍ നിന്നത് ബഷീറായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ ക്യാന്‍സര്‍ രോഗിയും തൊഴിലുറപ്പ് തൊഴിലാളിയുമായ നബീസക്ക് എഴുതാന്‍ അറിയില്ലെന്നും, ഒപ്പിടാന്‍ മാത്രമെ അറിയുകയൊളളുവെന്നും പൊലിസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.
തുടര്‍ന്ന് പൊലിസ് മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നബീസയെ കാണാതായ ദിവസവും ഏറ്റവും അവസാനവും ബഷീറാണ് പലതവണ വിളിച്ചിരിക്കുന്നതെന്ന് കണ്ടെത്തി.
മാത്രമല്ല ശ്രീകൃഷ്ണപുരം പൊലിസില്‍ നേരത്തെ നിലവിലുളള പിതാവിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച കേസും ബഷീറിലേക്കും, ഭാര്യയിലേക്കും സംശയമെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലപ്രയോഗം നടന്നതായും തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്.
ആത്മാഹ്ത്യ കുറിപ്പിന്റെ പല മോഡലുകള്‍ ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തി. നൊട്ടമലയിലെ ബന്ധു നബീസ തിരിച്ചു പോവുമ്പോള്‍ വാങ്ങിക്കൊടുത്ത ഭക്ഷണ വസ്തുക്കള്‍ രണ്ടാം പ്രതിയായ ഫസീലയുടെ കണ്ടമംഗലത്തെ വീട്ടില്‍ നിന്നും കണ്ടെത്തി.
ഫസീല സ്വന്തം വീട്ടില്‍ പോയി വരുമ്പോള്‍ കൊണ്ടുവന്ന ചീര കറിവെച്ച് അതില്‍ ബഷീര്‍ ടൗണില്‍ നിന്ന് വാങ്ങിയ ചിതലിനുളള വിഷം ചേര്‍ത്ത് നല്‍കിയാണ് കൃത്യം നടത്തിയത്.
ക്രൂരകൃത്യം നടത്തിയ ദമ്പതികളെ കാണാന്‍ തെളിവെടുപ്പ് സ്ഥലങ്ങളിലും മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലും വന്‍ജനമാണ് തടിച്ചുകൂടിയിരുന്നത്. പൊലിസുകാര്‍ക്ക് മുന്‍പില്‍ ഒരുകൂസലുമില്ലാതെയാണ് ഇരുവരും തെളിവെടുപ്പിന് സഹകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."