സുമനസുകളുടെ സഹായം തേടി സുനിതയും മകന്‍ യദുകൃഷ്ണനും
വെളളിയാമറ്റം: മരണത്തിലേക്ക് നടന്നടുക്കുന്ന ഭാര്യയേയും 17 കാരനായ മകനെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍
കാരുണ്യമുളളവരോട് അപേക്ഷിക്കുകയാണ് ഇളംദേശം മുട്ടിപ്പറമ്പില്‍ എം.ബി പ്രകാശ്. ടാപ്പിംഗ് തൊഴിലാളിയായ പ്രകാശിന്റെ ഭാര്യ സുനിത തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച് 12 വര്‍ഷമായി അവശനിലയില്‍. മകന്‍ യദുകൃഷ്ണന്‍ ഹൃദ്രോഗത്തിന് പുറമെ തലച്ചോറില്‍ അണുബാധ കൂടി ഏറ്റതോടെ അത്യാസന്ന സ്ഥിതിയില്‍. അര്‍ബുദം മൂലം നഷ്ടമായ സംസാരശേഷി തിരിച്ചു കിട്ടാന്‍ മൂന്നു വട്ടമാണ് സുനിതക്ക് കൃത്രിമ ശബ്ദസഹായി വെച്ചുപിടിപ്പിച്ചത്. പക്ഷെ മൂന്നും ശരീരം തിരസ്‌ക്കരിച്ചു.
ഇതിനിടെയാണ് മകന്‍ യദുവിന് ഹൃദയവാല്‍വ് തകരാറിലായത്. ആറു മാസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തി. അതിന് ശേഷവും ഈ കുട്ടിയെ ദുര്‍വിധി വെറുതെ വിട്ടില്ല. തലച്ചോറില്‍ അണുബാധ മൂലം ഒരു വശം തളര്‍ന്ന് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് യദു. ഒരു ശസ്ത്രക്രിയ കൂടി യദുവിന് ആവശ്യമുണ്ട്. പക്ഷെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയില്‍ അതിന് കഴിയില്ല. 3300 രൂപ വിലയുളള കുത്തിവെപ്പ് ദിവസവും നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനുളള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഏല്‍ക്കാത്ത മുറിയില്‍ വേണം താമസിപ്പിക്കാന്‍.
മൂന്നു സെന്റ് സ്ഥലവും വീടും മാത്രമുളള പ്രകാശന്റെ 300 രൂപ വരുമാനത്തില്‍ നിന്നു വേണം ചികില്‍സാ ചെലവിനും നിതൃവൃത്തിക്കുമുളള വക കണ്ടെത്താന്‍. യദുവിനെ കൂടാതെ ഇരട്ട പെണ്‍മക്കള്‍ കൂടിയുണ്ട് ഇവര്‍ക്ക്. ദുബൈ ഇടുക്കി അസോസിയേഷന്‍ പോലുളള ചില സംഘടനകളുടെ സഹായത്താലാണ് ഇതുവരെ ചികില്‍സ നടന്നത്. ഒപ്പം കാരുണ്യാ ചികില്‍സാ പദ്ധതിയും തുണയായി. ഇനിയും വേണം ചികില്‍സക്ക് ലക്ഷങ്ങള്‍ എന്നതാണ് അവസ്ഥ. സമുനസുകള്‍ കനിഞ്ഞാല്‍ ഈ അമ്മക്കും മകനും ജീവിതം തിരിച്ചു കിട്ടും. യൂണിയന്‍ ബാങ്ക് കലയന്താനി ശാഖയില്‍ 403902010014287 എന്ന അക്കൗണ്ടിലേക്ക് കഴിയുന്നത്ര സഹായം പ്രതീക്ഷിക്കുകയാണ് സുനിതയും യദുവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."