നഗരസഭ ബജറ്റ് ഇന്ന്; കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പലതും കടലാസില്‍
തൊടുപുഴ: നഗരസഭയുടെ 2017 - 18 വര്‍ഷത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 ന് നഗരസഭ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായരാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും കടലാസിലൊതുങ്ങി. അവയില്‍ പലതും ഇക്കുറിയും ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരസഭയുടേയും മറ്റു സമീപ പഞ്ചായത്തുകളുടെയും ജീവജല ഉപാധിയായ തൊടുപുഴയാറിനെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളുണ്ടാകുമോയെന്നത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. കഴിഞ്ഞ ബജറ്റില്‍ തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന് സമീപം ഓടയില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിക്കുന്നതിനായി ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്ന പേരില്‍ ബൃഹത്തായ ഒരു പദ്ധതി പ്രഖ്യാപനം നടത്തിയെങ്കിലും ജീവന്‍ വെച്ചിരുന്നില്ല. ഈ പദ്ധതിക്കായി കഴിഞ്ഞതവണ 30 ലക്ഷം രൂപയായിരുന്നു മാറ്റിവെച്ചിരുന്നത്. ഓടയില്‍ നിന്ന് ഒഴുകിയെത്തുന്ന മലിനജലം ശുദ്ധീകരിച്ച് പുഴയിലേക്ക് ഒഴുക്കിക്കളയുകയെന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യം. പുഴയുടെ സമീപം വന്‍കെട്ടിടങ്ങള്‍ കെട്ടിപൊക്കുന്ന റിസോര്‍ട്ട് മാഫിയകള്‍ മാലിന്യം മുഴുവന്‍ പുഴയിലേക്ക് ഒഴുക്കുക എന്ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ തൊടുപുഴ ആറിനെ സംരക്ഷിക്കാനുതകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാവേണ്ടതും നടപ്പാക്കേണ്ടതും അത്യാവശ്യമാണ്.
തൊടുപുഴയുടെ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുമെന്ന പ്രഖ്യാപനം സ്ഥിരമായി നടത്തുന്നുണ്ട്. ഇതിനായി 11 കോടിയോളം രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പദ്ധതി ജലരേഖയായി മാറിയെന്നാണ് ആക്ഷേപം. രക്തസാക്ഷി മണ്ഡപ നിര്‍മ്മാണ് പ്രഖ്യാപനവും നടപ്പായില്ല. കാലവര്‍ഷത്തില്‍ നഗരത്തില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരമാര്‍ഗങ്ങള്‍ ബജറ്റില്‍ നിര്‍ദ്ദേശിക്കുമെന്നാണ് പ്രതീക്ഷ.
പഴയ ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനായി 25 ലക്ഷം രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരുന്നതാണ്. എന്നാല്‍ പദ്ധതിക്ക് അനക്കം വെച്ചില്ല. കാലങ്ങളായി പ്രഖ്യാപിക്കാറുള്ള പാറക്കടവിലെ ജൈവമാലിന്യ പ്ലാന്റ് ഇത്തവണയും വിവാദങ്ങള്‍ക്ക് വഴിവെയ്ക്കാനുള്ള സാധ്യതയും ഏറെയാണ്. കഴിഞ്ഞ ബജറ്റിലും ഇവിടെ ജൈവമാലിന്യത്തെ ജൈവവളമാക്കി മാറ്റാനുള്ള പദ്ധതിയെ പറ്റി പരാമര്‍ശിച്ചിരുന്നു. ഈ മേഖലയില്‍ നഗരസഭയിലെ പച്ചക്കറി മാലിന്യങ്ങളുള്‍പ്പെടെ നിക്ഷേപിക്കുന്നതിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുള്ളതാണ്. ഈ ബജറ്റില്‍ ഇതിന് ശാശ്വതമായ പരിഹാരം നിര്‍ദ്ദേശിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
നഗരത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് വിവിധയിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ശുചിത്വ പൂര്‍ണമായ കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപം നീക്കിവെച്ചെങ്കിലും നാളിതുവരെ എവിടെയും സ്ഥാപിച്ചിട്ടില്ലെന്നതാണ് മറ്റൊരു ആക്ഷേപം. വര്‍ധിച്ചുവരുന്ന തെരുവ്‌നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ ഫലപ്രദമായ പദ്ധതികള്‍ ഇത്തവണ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. കഴിഞ്ഞബജറ്റില്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിക്കായി 3 ലക്ഷം രൂപ നീക്കിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."