ആവളപാണ്ടി കതിരണിഞ്ഞു; ആത്മനിര്‍വൃതിയില്‍ പ്രദേശത്തുകാര്‍
പേരാമ്പ്ര: മുപ്പതു വര്‍ഷമായി തരിശായിക്കിടന്ന ആവളപാണ്ടിയെ കതിരണിയിച്ച പ്രയത്‌നസാഫല്യത്തിലാണ് പ്രദേശത്തുകാര്‍. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപാണ്ടിയില്‍ മാസങ്ങള്‍ക്കു മുന്‍പാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം നടന്നത്.
ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പ്, കാര്‍ഷിക ഗവേഷണ കേന്ദ്രം, ഭക്ഷ്യ സുരക്ഷാ സേന, മണ്ഡലം വികസന മിഷന്‍, ആത്മ കോഴിക്കോട്, ആഗ്രോ സര്‍വിസ് സെന്റര്‍, പാടശേഖര സമിതികള്‍, തൊഴിലുറപ്പ് കുടുംബശ്രീ പ്രവര്‍ത്തകര്‍, തൃശൂര്‍ കോള്‍ കര്‍ഷക കൂട്ടായ്മ, മൈനര്‍ ഇറിഗേഷന്‍ പ്രോജക്ട്, കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടന്നതോടെ കതിരണിഞ്ഞത് സന്തോഷത്തിന്റെയും ആവേശത്തിന്റെയും പൊന്‍ കതിരുകളായിരുന്നു.
ആവളപാണ്ടിയില്‍ കൃഷിയിറക്കിയ ശേഷം മൂന്നു തവണയാണ് സംരംഭത്തിന് പ്രചോദനമായി മന്ത്രി ടി.പി രാമകൃഷ്ണന്‍ പാടശേഖരത്തിലെത്തി ഓരോ ഘട്ടവും നേരില്‍ കണ്ടത്. കൊയ്ത്തുത്സവത്തിന്റെ ആരവത്തിന് ആശുപത്രിയില്‍ നിന്നു നിറകണ്ണുകളോടെയാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍ സാക്ഷ്യംവഹിച്ചത്. നാടിന്റെയും നാട്ടുകാരുടെയും അതിരുകളില്ലാത്ത ആവേശത്തിനു സാക്ഷിയാവാന്‍ സിനിമാ താരം ശ്രീനിവാസനും എത്തിയതോടെ ആവളപാണ്ടി വരും നാളുകളില്‍ വിതയ്ക്കാനിരിക്കുന്നത് പതിന്‍മടങ്ങ് നെല്‍കൃഷിയാണ്.
ജ്യോതി ഇനത്തില്‍പ്പെട്ട നെല്ല് വിതച്ച് വിളവ് പൂര്‍ത്തിയാവുമ്പോള്‍ രണ്ടു കോടി 31 ലക്ഷം രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 66 ലക്ഷം രൂപയുടെ വൈക്കോലും ലഭിക്കുമെന്നാണ് കണക്ക്. ഒരു ലക്ഷത്തിലേറെ തൊഴില്‍ ദിനങ്ങളാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."