കമ്പനികളുടെ കൈവശമുള്ള 5.25 ലക്ഷം ഏക്കര്‍ ഭൂമി:പിടിച്ചെടുക്കാന്‍ തോട്ടം തൊഴിലാളികള്‍ മുന്നോട്ട് വരണമെന്ന്
കല്‍പ്പറ്റ: കേരളത്തില്‍ ടാറ്റ, ഹാരിസണ്‍ ഉള്‍പെടെയുള്ള വന്‍കിട കമ്പനികള്‍ നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്ന 5.25 ലക്ഷം ഏക്കര്‍ ഭൂമി പിടിച്ചെടുക്കാന്‍ തോട്ടം തൊഴിലാളികള്‍ മുന്നോട്ട് വരണമെന്ന് എ.ഐ.കെ.കെ.എസ് സെക്രട്ടറി എം.പി കുഞ്ഞിക്കണാരന്‍, ടി.യു.സി.ഐ പ്രസിഡന്റ് കെ. ശിവരാമന്‍, സി.പി.ഐ (എം.എല്‍)റെഡ് സ്റ്റാര്‍ ജില്ലാ സെക്രട്ടറി സാം പി മാത്യു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്‍, ജസ്റ്റിസ് മനോഹരന്‍, ഡോ.എം.ജി രാജമാണിക്യം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യത്തെ ശരിവെക്കുന്നതാണ്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്.
ഇതിനെതിരേ പ്രതിഷേധിച്ചും തോട്ടം തൊഴിലാളികള്‍ക്കും ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്കും ഭൂരഹിത കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ എന്നിവര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും ഭൂസമര മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മാര്‍ച്ച് ഈമാസം 23ന് സുല്‍ത്താന്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 9ന് തൊവരിമലയില്‍ നിന്നാരംഭിച്ച് ചുള്ളിയോട്, അമ്പലവയല്‍, വടുവന്‍ചാല്‍ എന്നിവിടങ്ങലില്‍ പര്യടനം നടത്തി നെടുങ്കരണയില്‍ സമാപിക്കും. 25ന് മേപ്പാടി വഴി മുണ്ടക്കൈ, 26ന് കാപ്പംകൊല്ലിയില്‍ ആരംഭിച്ച് ചുണ്ടേല്‍, വൈത്തിരി, പൊഴുതന വഴി അച്ചൂരില്‍ സമാപിക്കും.
തുടര്‍ന്ന് 27ന് മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നാരംഭിച്ച് പൂക്കോട്ടുപാടം, പുല്ലങ്കോട് എന്നിവിടങ്ങലില്‍ പര്യടനം നടത്തി കാളികാവില്‍ സമാപിക്കും. 28ന് തൃശ്ശൂര്‍ ജില്ലയിലെ വലക്കാവില്‍ നിന്നാരംഭിച്ച് ആമ്പല്ലൂരിലും 29ന് ആമ്പല്ലൂരില്‍ നിന്നാരംഭിച്ച് മുപ്ലിവാലിയിലും സമാപിക്കും.
തുടര്‍ന്ന് പൊതുസമ്മേളനം നടക്കും. കെ.വി പ്രകാശന്‍, പി.എം ജോര്‍ജ്ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."