യെദ്യൂരപ്പ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേക്ക്. ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. യെദ്യൂരപ്പ മാത്രമാണ്
സത്യപ്രതിജ്ഞ ചെയ്തത്. ബി.ജെ.പി ദേശീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. രണ്ടായിരത്തോളം പേര് രാജ്ഭവന് പുറത്ത് യെദിയുരപ്പയുടെ സത്യപ്രതിജ്ഞ ആഘോഷിക്കുവാനായി എത്തി.
അതേസമയം, കോണ്‍ഗ്രസും ജെ.ഡി.എസും രാജ്ഭവനില്‍ പ്രതിഷേധിക്കുകയാണ്. രാജ്ഭവനില്‍ ശക്തമായ പൊലിസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. 16,000ഓളം പൊലിസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.
അദ്ദേഹത്തോടൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് കേന്ദ്ര നേതൃത്വം യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്യട്ടെയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വം കൊണ്ടും സുപ്രിം കോടതിയില്‍ കോണ്‍ഗ്രസ് നല്കിയ ഹരജി നാളെ വീണ്ടും പരിഗണനയില്‍ വരുമെന്നുള്ളത് കൊണ്ടുമാണ് ഈ തീരുമാനം.
ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്കും ബി.ജെ.പിക്കും നല്‍കിയിട്ടുള്ളത്. ഭൂരിപക്ഷമുണ്ടെന്ന്കാണിച്ച് ഗവര്‍ണര്‍ക്ക് നല്കിയ കത്തും കോടതിയില്‍ ഹാജരാക്കണം.
104 സീറ്റുകളാണ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത്. ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 112 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."