വയലില്‍ തറ കെട്ടിയ ആദിവാസി വീട്ടമ്മക്ക് പഞ്ചായത്തിന്റെ അവഗണന
വയല്‍ നികത്താന്‍ റിസോര്‍ട്ടുടമക്ക് ഒത്താശ
കാട്ടിക്കുളം: തിരുനെല്ലി അപ്പപ്പാറയില്‍ ഇടയൂര്‍ റിസര്‍വേയില്‍പ്പെട്ട നെല്‍പാടം റിസോര്‍ട്ട് നിര്‍മിക്കുന്നതിനായി അനധികൃതമായി നികത്തുന്നതായി പരാതി. അപ്പപ്പാറ-തിരുനെല്ലി റോഡില്‍ ഇടയൂര്‍ റിസര്‍വേയില്‍പ്പെട്ട നെല്‍പാടമാണ് അനധികൃതമായ് മണ്ണിട്ട് നികത്തുന്നത്.
വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണിവിടം. വനത്തിനരികില്‍ ഉപ്പും, മറ്റ് ഭക്ഷ്യവസ്തുക്കളും നിക്ഷേപിച്ച് വന്യജീവികളെ ആകര്‍ഷിച്ച് സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കിയതിലും രാത്രി കാലങ്ങളില്‍ സഫാരി നടത്തി കടുവ, ആന മറ്റ് മൃഗങ്ങളുടെ വീഡിയോ പകര്‍ത്തിയതില്‍ വിവാദമായ റിസോര്‍ട്ടാണ് ഇപ്പോള്‍ വയല്‍ നികത്താനും ശ്രമിക്കുന്നത്. വനം വകുപ്പ് റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നടപടിയെടുത്തിരുന്നെങ്കിലും പിന്നീടതില്‍ നിന്ന് പിന്മാറി.
അതേസമയം വയലില്‍ വീടിന് തറകെട്ടിയെന്നാരോപിച്ച് പഞ്ചായത്ത് അനുവദിച്ച തുകയുടെ ആദ്യഗഡു വാങ്ങാന്‍ ചെന്ന ആദിവാസി വീട്ടമ്മയായ ഷീല വിജയന് പഞ്ചായത്ത് സെക്രട്ടറിയും മറ്റൊരുദ്യോഗസ്ഥനും ചേര്‍ന്ന് തുക നിഷേധിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്. വയലില്‍ വീട് വക്കാന്‍ പാടില്ലെന്നും തുക നല്‍കാന്‍ കഴിയില്ലെന്നുമാണ് സെക്രട്ടറി കെ രാജീവന്റെ മറുപടി.
പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും വയല്‍ നികത്തി റിസോര്‍ട്ടും ഹോംസ്‌റ്റേകളും ഇപ്പോഴും കെട്ടിപ്പൊക്കുന്നുണ്ട്. പാവപ്പെട്ട കുടുംബങ്ങളുടെ 48 അപേക്ഷയില്‍ കാട്ടിക്കുളം കൃഷിവകുപ്പ് അഞ്ച് സെന്റ് വയലില്‍ വീട് നിര്‍മിക്കാന്‍ തീരുമാനമെടുത്ത് സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും പഞ്ചായത്ത് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് കൃഷി ഓഫിസര്‍ ഗുണശേഖരന്റെ മറുപടി.
വര്‍ഷങ്ങളായി വനത്തിനരികില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ചെറിയ കോണ്‍ക്രീറ്റ് പാലം പോലും നിര്‍മിക്കാന്‍ അനുവാദം നല്‍കാത്ത വനംവകുപ്പ് ഇതേ റിസോര്‍ട്ടുടമയ്ക്ക് വനത്തില്‍ പാലം നിര്‍മിക്കാന്‍ അനുമതി നല്‍കി.
തണ്ണീര്‍ത്തട നിയമ അതോറിറ്റിയിലെ വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, പഞ്ചായത്ത് പ്രസിഡന്റ്, പാടശേഖരം അംഗങ്ങള്‍ ഇവരുടെ മുന്‍പിലാണ് വയലുകളെല്ലാം മണ്ണിട്ട് മൂടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."