ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് അധികാരത്തിലുള്ളത് പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍: രമേശ് ചെന്നിത്തല
ചെങ്ങന്നൂര്‍: സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത് ഒന്നും പ്രവര്‍ത്തിക്കാത്ത സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുലിയൂരിലെ പാലച്ചുവട്ടില്‍ യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തിലേറിയ ശേഷം സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ഏതെങ്കിലുമൊരു പദ്ധതിയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയന് പറയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. എല്ലാവര്‍ക്കും വീടെന്ന വാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ എല്ലാവരെയും ശരിയാക്കുകയാണ്. വീട് നല്‍കാനുള്ള ലൈഫ് പദ്ധതിയും അട്ടിമറിച്ച സര്‍ക്കാരാണിത്. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഇന്ന് നിലവിലുള്ള പിണറായി സര്‍ക്കാര്‍ ലൈറ്റ് മെട്രോയ്ക്ക് പകരം മെട്രോ മാന്‍ ഇ.ശ്രീധരനെയാണ് ഓടിച്ചത്.
റേഷന്‍ കടകളില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകുന്നില്ല. 15 ലക്ഷം ആളുകള്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
റേഷന്‍ കാര്‍ഡിന് വില വര്‍ധിപ്പിച്ച സര്‍ക്കാരാണിത്. എല്ലാം ശരിയാക്കാന്‍ വന്നവര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ സൗജന്യ റേഷന്‍ വിതരണം ഇടതു സര്‍ക്കാര്‍ കുട്ടിച്ചോറാക്കി.റേഷന്‍ വിതരണം കാര്യക്ഷമമായി നടപ്പാക്കുന്നതിന് പകരം രാഷ്ട്രീയ ശത്രുക്കളെ കൊല്ലുന്നതില്‍ സി.പി.എം ആനന്ദം കണ്ടെത്തുകയാണ്. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പ്രവര്‍ത്തകരെ കൊന്ന് പ്രതികാരം തീര്‍ക്കുന്നു.
സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ കേരളം സന്ദര്‍ശിക്കാന്‍ എത്തിയ വിദേശ വനിതയ്ക്കു പോലും സുരക്ഷയൊരുക്കിയില്ല. കേരളത്തില്‍ ഒരു ഭരണകൂടത്തിന്റെ സാന്നിധ്യമില്ലെന്നും ആറ് പേരാണ് ഇതുവരെ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനക്ഷേമത്തില്‍ താല്‍പര്യമില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ ജാതീയമായും വര്‍ഗീയമായും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. എല്ലാ ദിവസവും ഇന്ധനവില വര്‍ധിപ്പിക്കുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന നടപടിയാണ് മോദി സ്വീകരിക്കുന്നത്. തെരെഞ്ഞെടുപ്പില്‍ വസ്തുതകള്‍ മനസിലാക്കി വോട്ട് രേഖപ്പെടുത്തണം. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അഹങ്കാരത്തിനും ദുര്‍ഭരണത്തിനും ചെങ്ങന്നൂരിലെ വിജയകുമാറിന്റെ ജയത്തിലൂടെ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബൂത്ത് പ്രസിഡന്റ് യോഹന്നാന്‍ വലിയപറമ്പില്‍ കുടുംബ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി ശ്രീകുമാര്‍, ജി.രതികുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, അനില്‍ അക്കര എം.എല്‍.എ, ജി.വി ഹരി, ജോജി ചെറിയാന്‍, നാഗേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."