സുരക്ഷാ വീഴ്ച്ചയെന്ന് വിലയിരുത്തല്‍:നെടുമ്പാശ്ശേരിയില്‍ അന്താരാഷ്ട്ര യാത്രക്കാരെ ആഭ്യന്തര ടെര്‍മിനല്‍ വഴി പുറത്തിറക്കാന്‍ ശ്രമം
നെടുമ്പാശ്ശേരി: മസ്‌കറ്റില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അന്താരാഷ്ട്ര യാത്രക്കാരെ ആഭ്യന്തര ടെര്‍മിനല്‍ വഴി പുറത്തിറക്കാന്‍ ശ്രമം. ഇന്നലെ പുലര്‍ച്ചെ 7.45ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ വിമാനത്തിലെ 50 യാത്രക്കാരെയാണ് അഭ്യന്തര ടെര്‍മിനലിലേക്ക് കൊണ്ടുപോയത്.
വിമാനത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ടെര്‍മിനലില്‍ എത്തിക്കുന്ന ഫെറി ബസാണ് 50 യാത്രക്കാരുമായി അഭ്യന്തര ടെര്‍മിനല്‍ ലക്ഷൃമാക്കി നീങ്ങിയത്. ഇത് വന്‍ സുരക്ഷാ വീഴ്ച്ചയാണെന്നും വിലയിരുത്തിയിട്ടുണ്ട്.
ഈ വാഹനം ടെര്‍മിനല്‍ മാറി പോകുന്നതു കണ്ട സുരക്ഷ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞ് അന്താരാഷ്ട്ര ടെര്‍മിനലിലേയ്ക്ക് തിരിച്ച് വിടുകയായിരുന്നു.
മയക്കുമരുന്ന്, സ്വര്‍ണ കള്ളക്കടത്തുകള്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍ ഫെറി ബസ് ടെര്‍മിനല്‍ മാറി പോയത് വളരെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാരെ എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ക്ക് ശേഷമാണ് പുറത്ത് പോകാന്‍ അനുവദിക്കുന്നത്. എന്നാല്‍ അഭ്യന്തര ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇത്തരം പരിശോധനകള്‍ ഇല്ലാതെ തന്നെ പുറത്ത് കടക്കാന്‍ സാധിക്കും. മുന്‍പ് ഫെറി ബസുകള്‍ കേന്ദ്രീകരിച്ച് വന്‍ സ്വര്‍ണ കള്ളക്കടത്ത് നടന്നിരുന്നു.
ഇത്തരത്തില്‍ എന്തെങ്കിലും നീക്കം ടെര്‍മിനല്‍ മാറി യാത്രക്കാരെ കൊണ്ടുപോയ സംഭവത്തില്‍ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷണ വിധേയമാക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ഷിയാസിനെയും മറ്റ് രണ്ട് ജീവനക്കാരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."