കുരുതിക്കളമാകുന്ന സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്
കാക്കനാട്: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും പരിഹരിക്കാന്‍ നടപടിയില്ല. ഇതുവഴി സഞ്ചരിച്ചാല്‍ ഏതു വാഹനവും അപകടത്തില്‍പ്പെടുമെന്ന സ്ഥിതിയാണ്.വാഹനങ്ങളുടെ അമിത വേഗവും റോഡിന്റെ ശോചനീയാവസ്ഥയും മഴയും കൂടി എത്തിയതോടെ സീപോര്‍ട്ട് റോഡ് വഴിയുള്ള യാത്ര പേടി സ്വപ്നമാകുകയാണ്.സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ചിറ്റേത്തുകര ചിത്രപ്പുഴപ്പാലം മുതല്‍ പൂജാരി വളവ് വരെ നിരവധി അപകടങ്ങളാണ് ഇതിനോടകം നടന്നത്.
സീപോര്‍ട്ട് റോഡിന്റെ നിര്‍മാണത്തില്‍ അപാകമുണ്ടെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. റോഡിന്റെ ചില ഭാഗങ്ങളില്‍ സാധാരണ ടാര്‍ റോഡ് പോലെയും ചില ഭാഗങ്ങളില്‍ ടാറിന്റെ മുകള്‍പ്പാളി റോഡിന് മുകളില്‍ ഉരുകി പല ഭാഗത്തും കട്ടപിടിച്ച രീതിയിലുമായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം അശാസ്ത്രീയ ചിപ്പിങ്ങ് നടത്തി റോഡിന്റെ പ്രതലം നിരപ്പാക്കിയത് ഇപ്പോള്‍ കൂനിന്‍മേല്‍ കുരുപോലെ ആയിരിക്കുകയാണ്. ചിപ്പിങ് മൂലം ഇരുചക്ര, മുചക്ര വാഹാനങ്ങള്‍ തെന്നി അപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നു. മഴ ചാറുന്നതോടെ ഇവിടം വഴുക്കല്‍ പരുവത്തിലാകും. പിന്നെ വാഹനങ്ങള്‍ ബ്രേക്ക് ചെയ്താല്‍ പാതയില്‍ നിന്ന് തെന്നിത്തെറിക്കുന്ന കാഴ്ചയാണുണ്ടാകുക.
ഇന്നലെ ഓലിമുകള്‍ ജുമ മസ്ജിദിന് സമീപത്തുളള പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് സര്‍വീസ് ആരംഭിക്കുന്നതിനായി റോഡിലേക്ക് പിന്നോട്ട് എടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരന്‍ സാമുവല്‍ മരണപ്പെട്ടിരുന്നു.ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയിലെ എല്‍.പി.ജി ബോട്ടിലിംഗ് പ്‌ളാന്റിലെ ജീവനക്കാരനായ അദ്ദേഹം ആലുവ ഭാഗത്തുനിന്നും ഇരുചക്ര വാഹനത്തിലൂടെ ഇരുമ്പനത്തേക്ക് ജോലിക്ക് വരുകയായിരുന്നു.
സാമുവലിന്റെ ദേഹത്തു കൂടിയാണ് സ്വകാര്യ ബസ് കയറിയിറങ്ങിയത്. അന്‍പതുമീറ്ററോളം പിന്നോട്ടുവന്ന സ്വകാര്യ ബസ് ടെലിഫോണ്‍ പോസ്റ്റും, മരങ്ങളും ഇടിച്ചുതെറിപ്പിച്ച് സീപോര്‍ട്ട് റോഡില്‍ നിന്നും ഇരുപത് മീറ്ററോളം താഴെ സ്ഥിതി ചെയ്യുന്ന തടിമില്ലിന്റെ കെട്ടിടത്തില്‍ ഇടിച്ചാണ് നിന്നത്.
ചിത്രപ്പുഴക്ക് സമീപത്തെ ചിറ്റേത്തുകര ഇന്‍ഫോപാര്‍ക്ക് നാലുവരിപ്പാതയുടെ കവാടത്തിന് മുന്‍പിലും അപകടങ്ങള്‍ നിത്യ കാഴ്ച്ചയാണ്. ട്രാഫിക് പോലീസ് ഇടപെട്ട് വാഹന നിയന്ത്രണവും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചതിനെ തുടര്‍ന്ന് കുറേ നാളുകളായി അപകടം കുറഞ്ഞിരിക്കുകയായിരുന്നു. വാഹനപ്പെരുപ്പത്തിനുസരിച്ച് റോഡ് വീതി കൂട്ടാത്തതും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഇപ്പോള്‍ അപകട പരമ്പരയ്ക്ക് കാരണമായി വിലയിരുത്തുന്നത്.
റോഡില്‍ അപകടങ്ങളില്‍ ജീവനുകള്‍ പൊലിയുമ്പോഴും പരിഹാര മാര്‍ഗങ്ങള്‍ ഫയലുകളില്‍ ഉറങ്ങുകയാണ്. അപകടം സംഭവിക്കുമ്പോള്‍ ഉന്നതോദ്യോഗസ്ഥര്‍ പതിവായെത്തും. ഇവരുടെ റിപ്പോര്‍ട്ടുകള്‍ പക്ഷേ, ഫയലിലെ ചുവപ്പുനാടകളില്‍ സുരക്ഷിതമായിരിക്കുകയാണ്. സീപോര്‍ട്ട് റോഡില്‍ പല ഭാഗങ്ങളിലും വഴിവിളക്കുകള്‍ തെളിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാത്രിയില്‍ വഴിയാത്രക്കാരെ കാണാതെ വാഹനങ്ങള്‍ ഇടിക്കുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."