മട്ടാഞ്ചേരി ആര്‍.ഡി.ഒ ബംഗ്ലാവിന്റെ മതിലില്‍ ചിത്രം വരക്കാന്‍ ഇനി ആര്?
മട്ടാഞ്ചേരി: കൊച്ചിയുടെ ജനകീയ ചിത്രകാരന്‍ ജലീലിന്റെ വിടവ് കലാമേഖലയ്ക്ക് കനത്തനഷ്ടം. കാലിക പ്രസക്തമായ കാര്യങ്ങളാണ് ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ ബംഗ്ലാവിന്റെ പിറകിലെ മതിലില്‍ ആഴ്ചകള്‍ തോറും ജലീല്‍ ചിത്രങ്ങളായി വരച്ചിരുന്നത്. നാട്ടുകാരെയും സഞ്ചാരികളെയും ഏറെ ആകര്‍ഷിക്കുന്നതായിരുന്നു ഈ വരകള്‍. സഞ്ചാരികള്‍ നല്‍കുന്ന തുട്ടുകള്‍ ഉപയോഗിച്ചാണ് അവിവാഹിതനായ ജലീല്‍ തന്റെ ദൈനംദിന ചിലവുകള്‍ക്കും ചിത്രം വരക്കുന്നതിനുള്ള പെയിന്റും മറ്റും വാങ്ങുന്നതിനും പണം കണ്ടെത്തിയിരുന്നത്. ഓഖി ദുരന്തമായിരുന്നു ജലീല്‍ അവസാനം വരച്ച ചിത്രം.
ഓരോ ചിത്രങ്ങളിലേയും പുതുമയായിരുന്നു ആകര്‍ഷണം. ചിത്ര രചനക്ക് പുറമെ ശില്‍പ നിര്‍മാണവും ജലീലിന്റെ ഹോബിയായിരുന്നു. ആര്‍.ഡി.ഒ ബംഗ്ലാവിന്റെ മതിലിനോട് ചേര്‍ന്ന് ജലീല്‍ എട്ട് അടിയോളം നീളമുള്ള മത്സ്യകന്യകയുടെ ശില്‍പം നിര്‍മിച്ചിരുന്നു. കടല്‍ തീരത്ത് പ്രവേശന കവാടത്തില്‍ നിര്‍മ്മിച്ച ഈ ശില്‍പം കൊച്ചി കാണാനെത്തുന്ന സഞ്ചാരികളെയും ഏറെ ആകര്‍ഷിച്ചിരുന്നു. ശില്‍പത്തിനൊപ്പം നിന്ന് ഫോട്ടോയെടുക്കുവാന്‍ വിദേശികള്‍ വരെ മത്സരിച്ചിരുന്ന ഈ ശില്‍പം പക്ഷെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിശേഷം തകര്‍ത്തു കളഞ്ഞത് ജലീലിന് കനത്ത ആഘാതമാണ് സമ്മാനിച്ചത്.
ഈ സംഭവത്തിനു ശേഷം ജലീല്‍ ചിത്രം വരക്കുന്നതില്‍ നിന്നും പിന്നോട്ട് മാറി. കടപ്പുറത്തെ കച്ചവടക്കാരും നാട്ടുകാരും നിരന്തരം ആവശ്യപെട്ടതനുസരിച്ചായിരുന്നു പിന്നീട് വര തുടങ്ങിയത്. ഓരോ തവണയും പുതുമയാര്‍ന്ന സംഭവ വികാസങ്ങള്‍ കോറിയിടുന്ന ജലീലിന്റെ വര കാത്തു നില്‍ക്കുന്ന നാട്ടുകാരെ നിരാശരാക്കിയാണ് വരയുടെ മറ്റൊരു ലോകത്തേക്ക് ജലീല്‍ യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."